ഏപ്രിലിൽ റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകൾ മാത്രം 225 കോടി നേടി

ഇന്ത്യൻ സിനിമാ വ്യവസായം വളർച്ചയുടെ പാതയിലാണ്. ബോളിവുഡ് സൂപ്പർതാരങ്ങളിൽ പലരും പരാജയത്തുടർച്ചയിൽ നിന്ന് കരകയറിയിട്ടില്ലെന്നത് ഒഴിച്ചാൽ ഇന്ത്യൻ ബോക്സ് ഓഫീസിന് ശുഭകരമായ കാലമാണ് ഇത്. തെന്നിന്ത്യൻ സിനിമയുടെ, വിശേഷിച്ചും മലയാള സിനിമ ബിസിനസിൽ നേടിയിട്ടുള്ള വളർച്ചയാണ് എടുത്ത് പറയാനുള്ളത്. ഇപ്പോഴിതാ ഏപ്രിൽ മാസത്തിലെ ഇന്ത്യൻ ബോക്സ് ഓഫീസ് സംബന്ധിച്ച പ്രസക്തമായ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ. ഇന്ത്യയിലെ വിവിധ ഭാഷാ സിനിമകൾ ഏപ്രിൽ മാസത്തിൽ ആകെ നേടിയ കളക്ഷനും ഭാഷാടിസ്ഥാനത്തിലുള്ള ശതമാന കണക്കുകളും ടോപ്പ് 10 ചിത്രങ്ങളുമൊക്കെ അതിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഓർമാക്സിൻറെ കണക്ക് അനുസരിച്ച് ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങൾ എല്ലാം ചേർന്ന് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 825 കോടി ഗ്രോസ് കളക്ഷനാണ്. ഏപ്രിലിൽ റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകൾ മാത്രം 225 കോടി നേടി. ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2024. എന്നാല്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍ 2024 നേക്കാള്‍ മെച്ചമാണ് 2025. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് ഈ വര്‍ഷം നേടിയത് 3691 കോടി രൂപയാണ്. ഇതേ കാലയളവിലെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം അധികമാണ് ഇത്. 

അതേസമയം മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച കളക്ഷന്‍ വന്ന രണ്ടാമത്തെ മാസവുമാണ് 2025 ഏപ്രില്‍. 2024 ഫെബ്രുവരിയാണ് മോളിവുഡിനെ സംബന്ധിച്ച് ഏറ്റവും പീക്ക് കളക്ഷന്‍ വന്ന എക്കാലത്തെയും മാസം. അതേസമയം അജിത്ത് കുമാര്‍ നായകനായ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ് ഏപ്രിലിലെ ഇന്ത്യന്‍ ബോക്സ് ഓഫീസ് ടോപ്പര്‍. ഓര്‍മാക്സിന്‍റെ കണക്ക് പ്രകാരം 183 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ മലയാള ചിത്രം തുടരും ആണ്. 148 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് എന്ന് ഓര്‍മാക്സ് പറയുന്നു. ബോളിവുഡ് ചിത്രം കേസരി ചാപ്റ്റര്‍ 2 ആണ് മൂന്നാമത്. 107 കോടിയാണ് ഇന്ത്യന്‍ ഗ്രോസ്.

നാലാം സ്ഥാനത്ത് ജാഠ് ആണ്. 103 കോടി കളക്ഷന്‍. മൂന്ന് മലയാള ചിത്രങ്ങള്‍ കൂടിയുണ്ട് ലിസ്റ്റില്‍. അഞ്ചാം സ്ഥാനത്തുള്ള ആലപ്പുഴ ജിംഖാന (50 കോടി), ഏഴാം സ്ഥാനത്തുള്ള മരണമാസ്സ് (22 കോടി), പത്താം സ്ഥാനത്തുള്ള ബസൂക്ക (14 കോടി) എന്നിങ്ങനെ. എല്ലാം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍. ആറാം സ്ഥാനത്ത് ഹോളിവുഡ് ചിത്രം എ മൈന്‍ക്രാഫ്റ്റ് മൂവി ആണ്. 22 കോടിയാണ് കളക്ഷന്‍. എട്ടാം സ്ഥാനത്തും മറ്റൊരു ഹോളിവുഡ് ചിത്രമാണ്. സിന്നേഴ്സ് (16 കോടി). ഒന്‍പതാം സ്ഥാനത്ത് കല്യാണ്‍ റാം നായകനായ തെലുങ്ക് ചിത്രം അര്‍ജുന്‍ സണ്‍ ഓഫ് വൈജയന്തി ആണ്. 15 കോടിയാണ് ഇന്ത്യന്‍ ഗ്രോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം