2025-ൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 20 ചിത്രങ്ങളുടെ പട്ടികയിൽ ബോളിവുഡ് മുന്നിട്ട് നിൽക്കുന്നു

ഇന്ത്യന്‍ സിനിമ ഒരു വ്യവസായമെന്ന നിലയില്‍ വളര്‍ച്ചയുടെ അതിവേഗ പാതയിലാണ്. ഒരുകാലത്ത് ബോളിവുഡ് ചിത്രങ്ങള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന മുന്നേറ്റമാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്കും സാധിക്കുന്നത്. ഈ വര്‍ഷം പിന്നിടാന്‍ ഒരു മാസം മാത്രം ശേഷിക്കെ 2025 ല്‍ ഏറ്റവും കളക്ഷന്‍ നേടിയ 20 സിനിമകള്‍ ഏതൊക്കെയെന്നും അവയുടെ കളക്ഷന്‍ എത്രയെന്നും നോക്കാം. ഈ വര്‍ഷത്തെ ആദ്യ ഇരുപതില്‍ എണ്ണത്തില്‍ അധികം ചിത്രങ്ങള്‍ ഹിന്ദിയില്‍ നിന്നാണ്. കോളിവുഡിനും ടോളിവുഡിനുമൊപ്പം ലിസ്റ്റില്‍ തലയുയര്‍ത്തി മലയാളവുമുണ്ട്.

ട്രാക്കര്‍മാരായ ഇന്ത്യന്‍ ബോക്സ് ഓഫീസ് 26 ന് പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ 20 ചിത്രങ്ങളില്‍ പത്തെണ്ണവും ബോളിവുഡില്‍ നിന്നാണ്. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് കാന്താര ചാപ്റ്റര്‍ 1 ആണെങ്കിലും ടോപ്പ് 20 ല്‍ കന്നഡ സിനിമയുടെ സാന്നിധ്യം അത് മാത്രമാണ്. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും മൂന്ന് സിനിമകള്‍ വീതമാണ് ലിസ്റ്റില്‍ ഉള്ളത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കാന്താര ചാപ്റ്റര്‍ 1 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത് 851.75 കോടിയാണ്.

രണ്ടാം സ്ഥാനത്തുള്ള ഛാവ 807.91 കോടിയും മൂന്നാമതുള്ള സൈയാര 570.33 കോടിയുമാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. ലിസ്റ്റിലെ ആദ്യ തെന്നിന്ത്യന്‍ ചിത്രം നാലാം സ്ഥാനത്തുള്ള തമിഴ് ചിത്രം കൂലിയാണ്. രജനികാന്ത് നായകനായ ചിത്രത്തിന്‍റെ കളക്ഷന്‍ 518 കോടിയാണ്. ആദ്യ പത്തില്‍ മലയാളത്തില്‍ നിന്നുമുണ്ട് ഒരു എന്‍ട്രി. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറഓ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ലോക ചാപ്റ്റര്‍ 1 ചന്ദ്രയാണ് അത്. 303.80 കോടിയാണ് ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍.

11, 15 സ്ഥാനങ്ങളിലാണ് ലിസ്റ്റില്‍ മലയാളത്തിലെ മറ്റ് രണ്ട് ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ പതിനൊന്നാമതും അദ്ദേഹത്തിന്‍റെ തന്നെ തുടരും എന്ന ചിത്രം പതിനഞ്ചാമതും. എമ്പുരാന്‍ 266.81 കോടി നേടിയപ്പോള്‍ തുടരും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 235.38 കോടിയാണ്. വര്‍ഷം അവസാനിക്കാന്‍ ഒരു മാസം കൂടി ശേഷിക്കെ വിവിധ ഭാഷകളിലായി വമ്പന്‍ റിലീസുകള്‍ ഇനിയും വരാനുണ്ട്. അതിനാല്‍ത്തന്നെ ഈ പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ വരാം.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്