അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം 'സര്‍വ്വം മായ' ഒരു ഫാന്‍റസി ഹൊറർ കോമഡി ചിത്രമാണ്. 

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ എന്ന ചിത്രത്തിന്‍റെ ബിടിഎസ് വീഡിയോ പുറത്തെത്തി. രസകരമായ മുഹൂര്‍ത്തങ്ങളുള്ള ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷ നല്‍കുന്നതാണ് വീഡിയോ. ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച രീതിയിലാണ് സംവിധായകന്‍ നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്നാണ് സൂചന. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്ക് ഉണ്ട്. സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന അഖിൽ സത്യന്റെ സംവിധാനത്തിൽ, ഈ ഹിറ്റ് കോമ്പിനേഷൻ തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം ശരൺ വേലായുധന്‍. അഖിൽ സത്യൻ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച സാങ്കേതിക പ്രവർത്തകരുടെ ഈ സാന്നിധ്യം 'സർവം മായ'യെ ക്രിസ്മസ് റിലീസുകളിൽ മുൻനിരയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷ. ഫാന്റസിയുടെ മായക്കാഴ്ചകളും നർമ്മത്തിന്റെ മനോഹര നിമിഷങ്ങളും ഒരുമിക്കുന്ന 'സർവ്വം മായ' ഈ ക്രിസ്മസ് അവധിക്കാലത്ത് കുടുംബസമേതം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും.

സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഒ: ഹെയിൻസ്. ഡിസംബര്‍ 25 നാണ് ചിത്രത്തിന്‍റെ റിലീസ്.

Sarvam Maya | BTS - 01 | Nivin Pauly | Akhil Sathyan | Firefly Films