റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം

കൊവിഡ് കാലത്തിനു ശേഷം നേരിട്ട തകര്‍ച്ചയില്‍ ബോളിവുഡിന് ലഭിച്ച കച്ചിത്തുരുമ്പായിരുന്നു പഠാന്‍. വെറും വിജയമല്ല, ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ ചിത്രം നേടിയത്. എന്നാല്‍ പഠാന്‍റെ വിജയം ബോളിവുഡിലെ തുടര്‍ന്നുള്ള റിലീസുകള്‍ക്കും ഊര്‍ജ്ജദായകമാവുമെന്ന ചലച്ചിത്രലോകത്തിന്‍റെ പ്രതീക്ഷകള്‍ തെറ്റിയിരുന്നു. പഠാന് പിന്നാലെയെത്തിയ അക്ഷയ് കുമാര്‍ ചിത്രം സെല്‍ഫി അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി. എന്നാല്‍ ഇപ്പോഴിതാ ബോളിവുഡില്‍ നിന്നുള്ള മറ്റൊരു ചിത്രവും തിയറ്ററുകളില്‍ പ്രേക്ഷകരെ കയറ്റുകയാണ്.

രണ്‍ബീര്‍ കപൂറിനെയും ശ്രദ്ധ കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലവ് രഞ്ജന്‍ സംവിധാനം ചെയ്ത തൂ ഛൂട്ടീ ഹേ മക്കാര്‍ ആണ് ആ ചിത്രം. മാര്‍ച്ച് 8 ന് തിയറ്ററുകളിലെത്തിയ ചിത്രം അതിനു മുന്‍പ് പ്രിവ്യൂ ഷോയില്‍ നിന്നുതന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. തിയറ്ററുകളില്‍ എത്തിയപ്പോഴും പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടാനായ ചിത്രം കളക്ഷനിലും നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ആറ് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 76.29 കോടിയാണ്. അക്ഷയ് കുമാര്‍ ചിത്രം സെല്‍ഫി ഇതുവരെ നേടിയതിനേക്കാള്‍ നാലിരട്ടിയിലേറെ വലുതാണ് ഈ കളക്ഷന്‍. ഫെബ്രുവരി 24 ന് തിയറ്ററുകളിലെത്തിയ സെല്‍ഫിയുടെ ലൈഫ് ടൈം കളക്ഷന്‍ 16.60 കോടിയാണെന്നാണ് ബോളിവുഡ് ഹംഗാമയുടെ കണക്ക്. 

Scroll to load tweet…

റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് തൂ ഛൂട്ടീ ഹേ മക്കാര്‍. ലവ് രഞ്ജനൊപ്പം രാഹുല്‍ മോദിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അനുഭവ് സിംഗ് ബാസി, ഡിംപിള്‍ കപാഡിയ, ബോണി കപൂര്‍, ഹസ്‍ലീന്‍ കൌര്‍, ആംബര്‍ റാണ, മോണിക്ക ചൌധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

ALSO READ : 'നന്ദി വിജയ് അണ്ണാ'; കശ്‍മീരില്‍ 'ലിയോ' ടീമിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ലോകേഷ്