നിലവില്‍ പുരോഗമിക്കുന്ന കശ്മീര്‍ ഷെഡ്യൂള്‍ മാര്‍ച്ച് അവസാന വാരത്തോടെ പാക്കപ്പ് ആവും

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും പ്രേക്ഷകശ്രദ്ധ നേടുന്ന സംവിധായകന്‍ ലോകേഷ് കനകരാജ് ആണ്. 2017 ല്‍ മാനഗരം ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ സംവിധാന അരങ്ങേറ്റമെങ്കിലും 2019 ല്‍ എത്തിയ കൈതിയാണ് ലോകേഷിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. മാസ്റ്ററും വിക്രവും കൂടി എത്തിയതോടെ ലോകേഷിന്‍റെ മൂല്യം തമിഴ് സിനിമയില്‍ കുത്തനെ ഉയര്‍ന്നു. കൈതിയിലെ ചില കഥാപാത്രങ്ങള്‍ വിക്രത്തില്‍ കടന്നുവന്നതോടെ അദ്ദേഹം ഒരുക്കുന്ന ക്രോസ് ഓവര്‍ സാധ്യതകളിലേക്കാണ് പ്രേക്ഷകരുടെ ശ്രദ്ധ. ഇപ്പോഴിതാ വ്യക്തിജീവിതത്തിലെ ഒരു സന്തോഷ ദിനത്തിലൂടെ കടന്നുപോവുകയാണ് അദ്ദേഹം. ലോകേഷ് കനകരാജിന്‍റെ പിറന്നാളാണ് ഇന്ന്.

മാസ്റ്ററിനു ശേഷം വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ലിയോയുടെ ചിത്രീകരണത്തിലാണ് ലോകേഷ് നിലവില്‍. ചിത്രത്തിന്‍റെ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കശ്മീര്‍ ഷെഡ്യൂളിനിടെയായിരുന്നു പിറന്നാള്‍ ആഘോഷം. ഇന്നലെ രാത്രി നടന്ന പിറന്നാളാഘോഷത്തില്‍ വിജയ് അടക്കം അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വലിയ സംഘം പങ്കെടുത്തു. പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ലോകേഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ സഹോദരാ, ദൈവം നിനക്ക് കൂടുതല്‍ വിജയങ്ങളും സമാധാനവും സന്തോഷവും ധനവും നല്‍കട്ടെ. ജീവിതത്തില്‍ നിന്നോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടാവും. അനുഗ്രഹീതനായി തുടരുക. ലവ് യൂ, എന്നാണ് ലോകേഷിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തത്. പിറന്നാള്‍ ആശംസകള്‍ക്കെല്ലാം നന്ദി പറഞ്ഞ ലോകേഷ് വിജയ്‍ക്ക് നന്ദി അറിയിച്ച് മറ്റൊരു ട്വീറ്റും ചെയ്തിട്ടുണ്ട്. അതേസമയം നിലവില്‍ പുരോഗമിക്കുന്ന കശ്മീര്‍ ഷെഡ്യൂള്‍ മാര്‍ച്ച് അവസാന വാരത്തോടെ പാക്കപ്പ് ആവുമെന്നാണ് അറിയുന്നത്.

ALSO READ : ഫസ്റ്റ് ലുക്കില്‍ നായകന് രണ്ട് വാച്ച്? കാരണം വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്‍ണന്‍