സൗദി അറേബ്യ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച കളക്ഷനാണ് ചിത്രത്തിന്

വൈശാഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന മാസ് ആക്ഷന്‍ ചിത്രം. പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ടര്‍ബോ ഹൈപ്പ് നേടാന്‍ ഇക്കാരണങ്ങള്‍ തന്നെ മതിയായിരുന്നു. ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിലുമെത്തിയ ചിത്രം മെയ് 23 നാണ് തിയറ്ററുകളിലെത്തിയത്. വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം തിയറ്ററുകളില്‍ 10 ദിവസങ്ങള്‍ പിന്നിടാനൊരുങ്ങുകയാണ്. കേരളത്തിനൊപ്പം വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. 

ഉദാഹരണത്തിന് സൗദി അറേബ്യയില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ചിത്രമാണ് ടര്‍ബോയെന്ന് മമ്മൂട്ടി കമ്പനി തന്നെ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ടര്‍ബോയുടെ സ്വീകാര്യത എങ്ങനെയാണ്? ഇപ്പോഴിതാ അത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക്. മെയ് 30 വരെയുള്ള എട്ട് ദിവസത്തെ കളക്ഷന്‍ അനുസരിച്ചുള്ള കണക്കുകളാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ടര്‍ബോ നേടിയിരിക്കുന്നത് 30 കോടിയോളമാണെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം കളക്ഷന്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണ്. സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് 2.25 കോടിയാണ് കര്‍ണാടക കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്ന് ഒരു കോടിയും മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 85 ലക്ഷവുമാണ് ചിത്രം നേടിയിരിക്കുന്നത്. വമ്പൻ സ്ക്രീൻ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും മെയ് 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

ALSO READ : സിനിമയ്ക്ക് മുന്‍പേ അനിമേഷന്‍; പുതുമയുമായി പ്രഭാസിന്‍റെ 'കല്‍ക്കി 2898 എഡി', ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം