ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ചിത്രം

ഉയര്‍ന്ന ടിക്കറ്റ് നിരക്കും വൈഡ് റിലീസും മള്‍ട്ടിപ്ലെക്സ് ശൃംഖലകളുമൊക്കെയുള്ള പുതുകാലം ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ച് ശരിക്കും കൊയ്ത്തുകാലം ആവേണ്ടതാണ്. എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ നേടിയ വലിയ ജനപ്രീതി തിയറ്ററുകളില്‍ നിന്ന് പ്രേക്ഷകരെ അകറ്റുന്നുണ്ട്. ബിഗ് സ്ക്രീന്‍ എക്സ്പീരിയന്‍സിനുവേണ്ടി അല്ലാതെ തിയറ്ററുകളിലേക്ക് ആളെത്തില്ലെന്ന കണക്കുകൂട്ടലില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ മിക്ക ഇന്ത്യന്‍ ഭാഷകകളിലും ഇന്ന് ഒരുങ്ങുന്നുണ്ട്. വിജയിച്ചാല്‍ വമ്പന്‍ വിജയം, അല്ലെങ്കില്‍ അമ്പേ പരാജയം എന്ന രീതിയിലാണ് പക്ഷേ ഈ ചിത്രങ്ങളുടെ അവസ്ഥ. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തുന്ന ചെറിയ ചിത്രങ്ങളും ഇന്ന് വിജയിക്കുന്നത് കുറവാണ്. ബോളിവുഡില്‍ അത്തരത്തിലൊരു ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ മികച്ച പ്രദര്‍ശന വിജയം നേടുകയാണ്.

വിക്കി കൌശല്‍, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത സര ഹട്കെ സര ബച്ച്കെയാണ് ആ ചിത്രം. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം ജൂണ്‍ 2 നാണ് തിയറ്ററുകളില്‍ എത്തിയത്. നാലാം വാരത്തില്‍ എത്തിയപ്പോഴും കളക്ഷനില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, മൂന്നാം വാരാന്ത്യത്തേക്കാള്‍ കൂടുതല്‍ കളക്ഷനാണ് നാലാം വാരാന്ത്യത്തില്‍ ചിത്രം നേടിയിരിക്കുന്നത്. ഒടുവിലത്തെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നിന്ന് മാത്രമായി ചിത്രം നേടിയത് 6.48 കോടിയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 79.02 കോടിയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പ്രകാരം 50 കോടിയില്‍ താഴെയാണ് ചിത്രത്തിന്‍റെ ബജറ്റ്.

Scroll to load tweet…

ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൌശല്‍ നായകനായി എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് സര ഹട്കെ സര ബച്ച്കെ.

ALSO READ : 'ധൂമം' എത്ര നേടി? ഫഹദ് ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും, കാണാം ബിബി ടോക്ക്

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും | BB Talk |Bigg Boss Season 5