കൊവിഡ് മഹാമാരി വല്ലാതെ ബാധിച്ച മേഖലകളിലൊന്നാണ് സിനിമാവ്യവസായം. ഉള്‍പ്പെട്ടിരിക്കുന്ന വലിയ മുതല്‍മുടക്കും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ വലിയ ശൃംഖലയുമൊക്കെ ചേരുന്നതാണ് സിനിമാമേഖല. കൊവിഡ് ഭീതിയെത്തുടര്‍ന്ന് ഏതാണ്ടെല്ലാ രാജ്യങ്ങളും തീയേറ്ററുകള്‍ അടച്ചു. തായ്‍വാന്‍ പോലെ അപൂര്‍വ്വം രാജ്യങ്ങള്‍ മാത്രമാണ് തീയേറ്ററുകള്‍ അടച്ചിടാതിരുന്നത്. മഹാമാരി ഒഴിഞ്ഞ് തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടമായാലും പ്രേക്ഷകര്‍ ഉടന്‍ തീയേറ്ററുകളിലേക്ക് വരുമോ എന്ന ചിന്ത ലോകമാകെയുള്ള സിനിമാപ്രവര്‍ത്തകരെ അലട്ടുന്നുണ്ട്. ഈ ആശങ്കകള്‍ക്കിടെ റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രം ഇതാ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് തിരികെയെത്തിക്കുന്നു, എന്നു മാത്രമല്ല ചില രാജ്യങ്ങളില്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡും സൃഷ്ടിക്കുന്നു.

2016ല്‍ പുറത്തിറങ്ങിയ സൗത്ത് കൊറിയന്‍ സോംബി ചിത്രം 'ട്രെയിന്‍ ടു ബുസാന്‍റെ' രണ്ടാംഭാഗമായ 'പെനിന്‍സുല'യാണ് കൊറിയന്‍ ആഭ്യന്തര ബോക്സ് ഓഫീസിലുള്‍പ്പെടെ പല രാജ്യങ്ങളിലും മികച്ച കളക്ഷന്‍ നേടുന്നത്. സൗത്ത് കൊറിയയില്‍ ജൂലൈ 15ന് 2338 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യദിനം വിറ്റത് 3.53 ലക്ഷം ടിക്കറ്റുകള്‍. അതില്‍നിന്നു നേടിയത് 2.4 മില്യണ്‍ ഡോളര്‍ (17 കോടി രൂപ). തെക്കന്‍ കൊറിയയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് ഡേ കളക്ഷനാണ് ഇത്. 

കൊവിഡില്‍ തീയേറ്ററുകള്‍ അടയ്ക്കാതിരുന്ന തായ്‍വാനില്‍ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 7.99 ലക്ഷം ഡോളറാണ്. അന്തര്‍ദേശീയ സെയില്‍സ് ഏജന്‍റ് ആയ കണ്ടന്‍റ്സ് പാണ്ടയുടെ കണക്കാണ് ഇത്. ചിത്രം ജൂലൈ 15നു തന്നെ റിലീസ് ചെയ്‍ത മറ്റൊരു രാജ്യമായ സിംഗപ്പൂരില്‍ ചിത്രം ആദ്യദിനം നേടിയത് 1.06 ലക്ഷം ഡോളറാണ്. സിംഗപ്പൂരില്‍ ഒരു കൊറിയന്‍ ചിത്രം നേടുന്ന എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനാണ് ഇത്. 

ഇത് രണ്ടാഴ്ചകള്‍ മുന്‍പുള്ള കണക്കുകളാണ്. ആഭ്യന്തര റിലീസിന്‍റെ രണ്ടാഴ്ചകള്‍ പിന്നിടുമ്പോള്‍ റിലീസ് ചെയ്യപ്പെട്ട മറ്റു രാജ്യങ്ങളായ മലേഷ്യ, വിയറ്റ്നാം, തായ്‍ലന്‍ഡ്, മംഗോളിയ എന്നിവിടങ്ങളിലും ചിത്രം ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്താണ്. കൊറിയന്‍ ബോക്സ് ഓഫീസില്‍ രണ്ട് ആഴ്ചകളായി ഒന്നാം സ്ഥാനത്തു തുടരുന്ന ചിത്രം അവിടെ ഇതിനകം വിറ്റത് 30 ലക്ഷത്തിനുമേല്‍ ടിക്കറ്റുകളാണ്. കൊവിഡ് എത്തുന്നതിനു മുന്‍പ് അന്തര്‍ദേശീയ വിതരണ കരാറുകള്‍ ഒപ്പിട്ടിരുന്ന ചിത്രം 185 രാജ്യങ്ങളിലേക്കാണ് വില്‍പ്പന നടത്തിയിരുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ 92.7 മില്യണ്‍ ഡോളര്‍ (692 കോടി രൂപ) കളക്ഷന്‍ നേടിയ ചിത്രമാണ് 'പെനിന്‍സുല'യുടെ ആദ്യഭാഗമായ ട്രെയിന്‍ ടു ബുസാന്‍.