ദില്ലി: ഉത്തർപ്രദേശിലെ മഥുര റെയിൽവെ സ്റ്റേഷനിൽ മിന്നൽ പരിശോധനയ്ക്കെത്തിയ ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനിയെ വരവേറ്റത് കലിപൂണ്ട കാള. പ്ലാറ്റ്ഫോമിലൂടെ കൊമ്പും കുലുക്കിയെത്തിയ കാളയിൽ നിന്നും ഹേമയെ രക്ഷിക്കാൻ പോലീസുകാർ സുരക്ഷാവലയം തീർത്തു. ഹേമയുടെ സംഘത്തിലെ ചിലർ കാളയുടെ കൊമ്പിൽപിടികൂടി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ബുധനാഴ്ച ഹേമാമാലിനിയും സംഘവും റെയിൽവെ സ്റ്റേഷനിൽ മിന്നൽപരിശോധന നടത്തുമ്പോഴായിരുന്നു കാളയെത്തിയത്. എംപിമാർ അവരവരുടെ മണ്ഡലത്തിലെ റെയിൽവെ സ്റ്റേഷനിൽ പരിശോധന നടത്തുകയും അപര്യാപ്തതകൾ മനസിലാക്കി റിപ്പോർട്ട് ചെയ്യണമെന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടിരുന്നു.
മുംബൈ റെയിൽവെസ്റ്റേഷൻ ദുരന്തത്തിനു ശേഷമാണ് മന്ത്രി ഈ നിർദേശം പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹേമ റെയിൽവെ സ്റ്റേഷൻ പരിശോധനയ്ക്ക് എത്തിയത്. വാര്‍ത്ത ഏജന്‍സിയായ എഎന്എയാണ് വീഡിയോ പുറത്തുവിട്ടത്.
