അത് തമാശയല്ല, വിശദീകരണവുമായി കാമറൂണ്‍ ഡയസ് തന്നെ രംഗത്ത്

ഹോളിവുഡ് താരം കാമറൂണ്‍ ഡയസ് അഭിനയം നിര്‍ത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കാമറൂണ്‍ ഡയസ് അഭിനയം നിര്‍ത്തുന്നുവെന്ന് സുഹൃത്തും സഹതാരവുമായ സെല്‍മ ബ്ലെയര്‍ പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അത് വെറും തമാശ മാത്രമായിരുന്നുവെന്ന് പറഞ്ഞ സെല്‍മ ബ്ലെയര്‍ അങ്ങനെ വാര്‍ത്തകള്‍ വന്നതിനെ പരിഹസിക്കുകയും ചെയ്‍തു. എന്നാല്‍ താൻ സിനിമയില്‍ നിന്ന് വിരമിക്കുന്ന അവസ്ഥയില്‍ തന്നെയാണ് ഉള്ളതെന്ന് കാമറൂണ്‍ ഡയസ് പറയുന്നു.

സിനിമയില്‍ നിന്ന് വിരമിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല. വിരമിച്ച അവസ്ഥയാണ്. കുറെ വര്‍ഷം ജോലി ചെയ്യാനാകില്ല. ഞാൻ ഒരു അമ്മയുമാണ്- കാമറൂണ്‍ ഡയസ് പറയുന്നു.

സിനിമയില്‍ കാമറൂണ്‍ ഡയസിന് ഇനി കൂടുതലായി ചെയ്യാൻ ഒന്നുമില്ലെന്നാണ് തോന്നുന്നതെന്നും അതുകൊണ്ട് വിരമിക്കുകയാണെന്നുമായിരുന്നു സെല്‍മ ബ്ലെയര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. എങ്ങനെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് കാമറൂണ്‍ ഡയസിന് പിൻമാറാൻ പറയുമെന്നത് തനിക്കറിയില്ലെന്നുമായിരുന്നു സെല്‍മ ബ്ലെയര്‍ പറഞ്ഞത്. എന്നാല്‍ ഇത് വാര്‍‌ത്തയായതിനെ തുടര്‍ന്ന് സെല്‍മ ബ്ലെയര്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. അത് ഒരു അഭിമുഖത്തില്‍ തമാശ പറഞ്ഞതാണ്. കാമറൂണ്‍ ഡയസ് ഒന്നില്‍ നിന്നും വിരമിക്കുന്നില്ല. വീണ്ടും ഇതാ ബ്രേക്കിംഗ് ന്യൂസ്. കാമറൂണ്‍ ഡയസിന്റെ വക്താവ് സ്ഥാനത്ത് നിന്ന് ഞാൻ വിരമിക്കുന്നു- സെല്‍മ ബ്ലെയര്‍ പറഞ്ഞു.

കാമറൂണ്‍ ഡയസ് 1994ല്‍ ദ മാസ്‍ക് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. നാല് തവണ ഗോള്‍ഡൻ ഗ്ലോബ് പുരസ്‍കാരത്തിനുള്ള നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ ആനിയാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.