മമ്മൂട്ടിക്കൊപ്പം അഭിനയിക്കണോ? അവസരമൊരുക്കി കോട്ടയം കുഞ്ഞച്ചന്‍ 

കൊച്ചി: കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഏറെ വിവാദങ്ങളും മുളപൊട്ടിയിരുന്നു. ചിത്രത്തിന് പേര് നല്‍കുന്നതിന് പഴയ കോട്ടയം കുഞ്ഞച്ചന്‍റെ അണിയറ പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയായിരുന്നു ഇത്. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി വ്യക്തമാക്കി പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍ വിജയ് ബാബു രംഗത്തെത്തിയിരുന്നു.

സിനിമയുടെ പ്രഖ്യാപനം നടത്തിയത് മമ്മൂട്ടിയായിരുന്നു. അതുകൊണ്ട് തന്നെ ആവേശത്തോടെയാണ് ആരാധകര്‍ വാര്‍ത്തയെ എതിരേറ്റത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് സംവിധായകനായ വിജയ് ബാബു. തന്‍റെ ഫേസ്ബുക്ക് വഴിയാണ് വിജയ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഘട്ടം ഘട്ടമായുള്ള ഓഡിഷന്‍ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് അവസരം. പ്രായം 17നും 26നും ഇടയിലുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോജാറ്റ, ക്ലോസ്, മീഡിയം, ഫുള്‍സൈസ് ഫോട്ടോ, സ്വയം പരിജയപ്പെടുത്തുന്ന വീഡിയോയും പെര്‍ഫോമന്‍സ് വീഡിയോ എന്നിവയും അയക്കണം. 30 മുതല്‍ 60 സെക്കന്‍റ് വരെയാണ് വീഡിയോയുടെ ദൈര്‍ഘ്യം നിര്‍ദേശിച്ചിരിക്കുന്നത്. അപേക്ഷകള്‍ അയക്കേണ്ട അവസാന തിയ്യതി ഈ മാസം 23 ആണ്.