കൊച്ചി: മലയാള സിനിമയ്ക്ക് നാണക്കേടായി കാസ്റ്റിംഗ് കൗച്ച്. സിനിമയില്‍ അവസരം വാഗ്ദ്ധാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ നിര്‍മ്മാതാവ് ആല്‍വിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. 4 തവണ പീഡനത്തിന് ഇരയായെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ഇരുപതുകാരിയായ പെൺകുട്ടിയാണ് ആല്‍വിൻ ആന്റണിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. മോഡലിംഗ് രംഗത്തും സജീവമായ യുവതി ഇന്നലെ എറണാകുളം സൗത്ത് പൊലീസിനെ സമീപിക്കുകയായിരുന്നു. 2019 ജനുവരിയിലാണ് ആദ്യം പീഡനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു. സിനിമയില്‍ അവസരം വാഗദാനം ചെയ്ത് എറണാകുളം പനന്പള്ളി നഗറിലെ ആല്‍വിൻ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയശേഷമായിരുന്നു സംഭവം. പിന്നീട് 3 തവണ കൂടി തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പറയുന്നു. 

ആല്‍വിൻ ആന്റണിയുടെ ശല്യം സഹിക്കാനാകാതെ വന്ന സാഹചര്യത്തിലാണ് പരാതിപ്പെടുന്നതെന്നും യുവതി വ്യക്തമാക്കുന്നു. പരാതി ലഭിച്ചതോടെ ഇന്ന് രാവിലെ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പനന്പള്ളി നഗറിലെ ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ആല്‍വിൻ ആന്റണിയെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിൻ ആന്‍റണി. കാസ്റ്റിംഗ് കൗച്ച് വ്യാപകമാണെന്നും ഓഡീഷന് എത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും ഫിലിം ചേംബറും ഫെഫ്കയും കഴിഞ്‍ ദിവസം പറഞ്ഞിരുന്നു. ഇതിനിടയിലാണ് പ്രമുഖ നിര്‍മ്മാതാവ് തന്നെ ഇത്തരത്തില്‍ കേസില്‍ പെടുന്നത്.