ചെമ്മീന്‍ സിനിമയുടെ അമ്പതാംവാര്‍ഷികം ആലപ്പുഴയിലെ തീരദേശത്ത് ആഘോഷിച്ചാല്‍ തടയുമെന്ന് ധീവര സഭ. മല്‍സ്യത്തൊഴിലാളികളെ അടച്ചാപേക്ഷിച്ച ചെമ്മീന്‍ സിനിമ മല്‍സ്യത്തൊഴിലാളി സമൂഹത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ആഘോഷം നടത്തുകയാണെങ്കില്‍ താനവിടെ കിടന്ന് പ്രതിഷേധിക്കുമെന്നും ധീവരസഭാ നേതാവ് വി ദിനകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

ചെമ്മീന്‍ സിനിമയുടെ അമ്പതാംവാര്‍ഷികം അമ്പലപ്പുഴയില്‍ ആഘോഷിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം അതിന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണ യോഗവും ചേര്‍ന്നു. ഇനിടെയാണ് ധീവര സഭ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആഘോഷം കേരളത്തിലെ തീരദേശത്ത് എവിടെയും നടത്താന്‍ അനുവദിക്കില്ല. ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് പറഞ്ഞ് മല്‍സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും അപമാനിക്കുകയാണ് ചെമ്മീന്‍ എന്ന സിനിമ ചെയ്തത്. തീരദേശവാസികളായ കുട്ടികള്‍പോലും ഈ സിനിമയുടെ പേരില്‍ ഇന്നും അപമാനിതരാവുകയാണെന്നും വി ദിനകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതാണ് നല്ലത്. മുഖ്യമന്ത്രി വിചാരിച്ചാലും ചെമ്മീന്‍ സിനിമയുടെ അമ്പതാംവാര്‍ഷികം നടത്താന്‍ അനുവദിക്കില്ല. ചെമ്മീന്‍ വിഷയത്തിലേത് തീവ്രമായ നിലപാടാണ് ധീവര സഭയ്‌ക്കെന്നും വി ദിനകരന്‍ പറഞ്ഞു.