ജാൻ-എ-മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരവും രോമാഞ്ചം, ആവേശം തുടങ്ങീ ചിത്രങ്ങൾക്ക് ശേഷം ജിതു മാധവനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്.
വെങ്കട് കെ നാരായണ നേതൃത്വം നൽകുന്ന കെ വി എൻ പ്രൊഡക്ഷൻസ്, എഴുത്തുകാരനായ ടി ചാണ്ടിയുടെ കൊച്ചുമകൻ സതീഷ് ഫെന്നിന്റെ ഭാര്യയായ ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസ് എന്നിവർ ഒരു മലയാളം ചിത്രത്തിനായി ഒരുമിക്കുന്നു. മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ 'മഞ്ഞുമ്മൽ ബോയ്സിന്' ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇത്. 'ബാലൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജിത്തു മാധവൻ ആണ്. ആവേശം, പൈങ്കിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ബാലൻ. ചിത്രത്തിൻറെ പൂജ ഇന്ന് കോവളത്ത് വെച്ച് നടന്നു. തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‍യുടെ 'ജനനായകൻ', യഷ് നായകനാവുന്ന ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' എന്നീ ചിത്രങ്ങൾ നിർമ്മിച്ച കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്.
ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരവും രോമാഞ്ചം, ആവേശം തുടങ്ങീ ചിത്രങ്ങൾക്ക് ശേഷം ജിതു മാധവനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. പൂർണ്ണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രമൊരുക്കുന്നത് സുഷിൻ ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അജയൻ ചാലിശ്ശേരി തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
'ഞങ്ങളുടെ കാഴ്ചപ്പാട് എല്ലായ്‌പ്പോഴും ഭാഷകൾക്കപ്പുറമുള്ള സിനിമയെ പുനർനിർവചിക്കുക എന്നതായിരുന്നു. ഈ സിനിമ പ്രേക്ഷകർ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ മലയാളത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു. അസാമാന്യ പ്രതിഭകൾ ചുക്കാൻ പിടിക്കുമ്പോൾ, ഞങ്ങൾക്ക് അതിൽ ആത്മവിശ്വാസമുണ്ട്', എന്നാണ് കെ വി എൻ പ്രൊഡക്ഷൻസിന്റെ അമരക്കാരൻ വെങ്കിട്ട് നാരായണ പറഞ്ഞത്.


