ദംഗൽ കണ്ട് ആമിർ ഖാന്‍റെ കട്ട ഫാനായി മാറിയിരിക്കുന്നു ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്. കസാഖിസ്ഥാനിലെ അസ്താനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉചക്കോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജീങ് പിങ് ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം സംബന്ധിച്ച് ഒന്നും പറയാൻ തയ്യാറായില്ല.

പിന്നെ ഇരു നേതാക്കളുടേയും കൂടിക്കാഴ്ചയിൽ ചർച്ചയായതെന്തൊക്കെയെന്ന് അന്വേഷിച്ച റിപ്പോർട്ടർമാർക്ക് ലഭിച്ച ഉത്തരം കൗതുകമുള്ളതായിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തമാക്കണമെന്ന് ധാരണയിലെത്തിയ ചർച്ചയിൽ ചൈനയിൽ ബോളിവുഡ് സിനിമ ദംഗൽ നടത്തുന്ന മുന്നേറ്റവും സംസാരവിഷയമായെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ മറുപടി.

ആമിർ ഖാന്റെ ഹിറ്റ് ചിത്രം ദംഗൽ കണ്ടെന്ന് മോദിയോട് പറഞ്ഞ ഷീ ജിങ് പിങ് സിനിമ വളരെയധികം ഇഷ്ടപ്പെട്ടെന്നും അറിയിച്ചു.. ഭാവിയിൽ ദംഗൽ പോലുള്ള കൂടുതൽ സിനിമകൾ ചൈനയിൽ റിലീസ് ചെയ്യുമെന്നും ഷീ ജിങ് പിങ് മോദിയോട് പറഞ്ഞു.. ചൈനയിൽ  നിന്ന് മാത്രം 1100 കോടി രൂപയാണ് ദംഗൽ വാരിയത്.

വർഷത്തിൽ 34 വിദേശ സിനിമകൾ റിലീസ് ചെയ്യാൻ മാത്രമാണ് നിലവിൽ ചൈനീസ് സർക്കാർ അനുമതി നൽകുന്നത്. മോദിയുടേയും ഷീ ജിങ് പിങിന്റേയും സിനിമ നയതന്ത്രം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.