കൊച്ചി: മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ദൃശ്യവും ഒപ്പവും. ഈ രണ്ട് ഹിറ്റുകളിലും ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കലാഭവന്‍ ഷാജോണ്‍. എന്നാല്‍ രണ്ട് ചിത്രങ്ങളിലും മോഹന്‍ലാലിന്‍റെ വില്ലനായാണ് താരം എത്തിയത്. 

വില്ലനെന്നതിലുപരി മോഹന്‍ലാലിനെ തല്ലി ചതയ്ക്കുന്ന ക്രൂരന്‍ പരിവേഷവും ഈ ചിത്രങ്ങള്‍ നല്‍കി. അതില്‍ നിന്നൊക്കെ തനിക്ക് ആശ്വാസം നല്‍കുന്ന സിനിമയാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ഇത് പറഞ്ഞത്. 

ദൃശ്യം സിനിമയ്ക്ക് ശേഷം ആരാധകര്‍ക്കുണ്ടായ ദേഷ്യം മാറുന്നതിനിടെയാണ് പ്രിയന്‍ സാര്‍ ഒപ്പത്തിലേയ്ക്ക് വിളിച്ചത്. ലാലേട്ടനെ ഇടിക്കുന്ന സീനുണ്ടോ എന്ന് ചോദിച്ചു, ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ എന്നെ ആരും വെച്ചേക്കില്ലെന്ന് പറഞ്ഞു. സാരമില്ല ലാല്‍ തിരിച്ചിടിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ സമാധാനമായി. തീയറ്ററിലെ കയ്യടി കണ്ടപ്പോള്‍ വീണ്ടും ബോധ്യമായി പ്രേക്ഷകര്‍ക്ക് എന്ത് ദേഷ്യം ഉണ്ടെന്ന്.

ഈ സിനിമയ്ക്ക് വേണ്ടി ജിബു ചേട്ടന്‍ വിളിച്ചപ്പോഴും ചോദിച്ചത് ഇടിയുണ്ടോ എന്നാണ്. ഇല്ലെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. അങ്ങനെ ഷൂട്ടിങിനായി കോഴിക്കോട് എത്തിയപ്പോള്‍ ഷൂട്ടിങ് കാണാന്‍ വന്ന പിള്ളേര്‍ പറഞ്ഞു. 
ചേട്ടായി ഇതില്‍ ലാലേട്ടനെ തല്ലുന്നുണ്ടോ? തല്ലിയാല്‍ ഇത് കോഴിക്കോടാണ് തിരിച്ചു പോകൂല്ലാട്ടോ എന്ന്. ഇല്ലെന്നറിഞ്ഞപ്പോള്‍ അവരും ഓക്കെ ആയി. ഉണ്ടായിരുന്നെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നെന്നും ഷാജോണ്‍ പറയുന്നു