ചെന്നൈ: നഖക്ഷതം എന്ന ചത്രത്തിലെ മഞ്ഞൾ പ്രസാദവും എന്ന് തുടങ്ങുന്ന ഗാനം ചിത്രക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ഗാനമാണ്. ഇപ്പോൾ ഈ ഗാനം പാടുന്ന ഒരു കൊച്ചുമിടുക്കിയെ തേടുകയാണ് ചിത്ര. സോഷ്യൽമീഡിയയിലൂടെ കിട്ടിയ ഒരു വീഡിയോയിലെ പാട്ടുപാടുന്ന കുട്ടി ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചിത്ര.

അക്ഷരം തെളിഞ്ഞ് സംസാരിക്കാന്‍പോലും ആയിട്ടില്ല. എന്നാലും കുഞ്ഞുവായിൽ വലിയ പാട്ട് പാടുകയാണ് ഈ കൊച്ചുമിടുക്കി. വലിയ കറുത്ത വട്ട പൊട്ടും തൊട്ട് കരിമഷിയിൽ കണ്ണും പിരികവും എഴുതി ചിരിച്ചുകൊണ്ടാണ് പാട്ട് മുഴുവൻ പാടുന്നത്. പാട്ടിന് ഒപ്പിച്ച് താളവും അടിക്കുന്നു. ആരോ വാട്സ് ആപ്പിൽ അയച്ചുകൊടുത്ത വീഡിയോ ഇപ്പോൾ സാക്ഷാൽ കെ എസ് ചിത്ര തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തരിക്കുകയാണ്.

ഈ കൊച്ചുമിടുക്കിയെ കണ്ടെത്തി തരണമെന്നാണ് ചിത്രയുടെ ആവശ്യം. ഒ എൻവിയുടെ വരകൾക്ക് ബോംബെ രവിയുടെ സംഗീതത്തിൽ പിറന്ന ഗാനത്തിന് ചിത്രയുടെ ശബ്ദം കൂടി ആയപ്പോൾ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി ഈ പാട്ട് മാറിയിരുന്നു. പാട്ടിന് ചിത്രക്ക് ദേശീയ അവാർഡും കിട്ടി. ചെറുപ്രായത്തിൽ കിട്ടിയ ദേശീയ അവാർഡ് തന്നെയായി ഈ ചെറുമിടുക്കിക്ക് ഇപ്പോൾ ചിത്രയിൽനിന്ന് കിട്ടിയ അഭിന്ദനം. കുട്ടിയെ അറിയാമെങ്കിൽ ചിത്രയുടെ ഫേസ്ബുക്ക് പേജിലൂടെ ആളെ പരിചയപ്പെടുത്തി കൊടുക്കാം.