കൊച്ചി: രണ്ട് ദിവസം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎ നേടിയത് ആറ് കോടി.കേരളാ ബോക്‌സ് ഓഫീസിലെ നാലാമത്തെ ബോക്‌സ് ഓഫീസ് കളക്ഷനും മലയാള സിനിമകളില്‍ മൂന്നാമത്തെ ഉയര്‍ന്ന ആദ്യ ദിന കളക്ഷനുമാണ് സിഐഎ സ്വന്തമാക്കിയത്. 3.27 കോടിയാണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ ആദ്യ ദിവസം സ്വന്തമാക്കിയത്. 

രണ്ടാം ദിവസം 2.94 കോടിയും ചിത്രം ഗ്രോസ് കളക്ഷനായി നേടി. 39.87 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്നായി മൂന്ന് ദിവസം കൊണ്ട് സിഐഎ നേടിയത്. നിലവില്‍ കേരളത്തിലെ ഇനീഷ്യല്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഒന്നാമത് ബാഹുബലിയാണ്, 6 കോടി 27 ലക്ഷമാണ് ബാഹുബലിയുടെ ആദ്യ ദിന ഗ്രോസ്. 

മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ 4 കോടി 31 ലക്ഷവും മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ 4 കോടി 5 ലക്ഷത്തിന് മുകളിലും നേടിയിരുന്നു. ഒരു മെക്‌സിക്കന്‍ അപാരതയുടെ കളക്ഷന്‍ നേട്ടത്തെ പിന്നിലാക്കിയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളം ബോക്‌സ് ഓഫീസില്‍ ആദ്യ ദിന കളക്ഷനില്‍ മൂന്നാമനായത്. 

മൂന്ന് കോടിക്ക് മുകളിലാണ് ഒരു മെക്‌സിക്കന്‍ അപാരത ആദ്യ ദിവസം നേടിയത്. ബാഹുബലി പ്രധാന കേന്ദ്രങ്ങളില്‍ ഹൗസ്ഫുള്‍ ഷോകള്‍ തുടരുന്നതിനിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ നേട്ടം എന്നതും ശ്രദ്ധേയമാണ്.