സി.വി. സിനിയ

വിവാദങ്ങളുടേതായിരുന്നു ഈ വര്‍ഷത്തെ മലയാള സിനിമാ കാലം. നടിയെ ആക്രമിച്ച കേസ് മുതല്‍ പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രമണം വരെ ചൂടേറിയ ചര്‍ച്ചയായി കത്തിപ്പടര്‍ന്നു. മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപ്രിയ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുമൂലം മലയാള സിനിമാ വ്യവസായം ഒന്നടങ്കം ഈ വിഷയത്തില്‍ അങ്കലാപ്പിലായി. മുന്‍ വര്‍ഷങ്ങളില്‍ കാണാത്ത തരത്തിലുള്ള ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലായിരുന്നു സിനിമയുടെ പേരില്‍ നടന്നത്. ഇത് സിനിമാ സംഘടനയായ അമ്മയിലും വിള്ളലുണ്ടാക്കുകയും അത് വനിതാ സംഘടനയായ വിമണ്‍ ഇന്‍ കളക്ടീവിന്റെ പിറവിക്ക് കാരണമാകുകയും ചെയ്യും. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പീഡന ആരോപണവുമായി ദിലീപാണ് ഇരയായതെങ്കില്‍ അവസാനമാകുമ്പോഴേക്കും അതുപോലെ ഒരെണ്ണം ഉണ്ണിമുകുന്ദനിലേക്കും എത്തി നിന്നു. സിനിമയുടെ കഥ കേള്‍പ്പിക്കാന്‍ വന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഉണ്ണിമുകുന്ദന് എതിരെയുള്ള കേസ്. 

 ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കിടയിലും വമ്പന്‍ കളക്ഷനുമായാണ് സിനിമകള്‍ ബോക്സോഫീസില്‍ മുന്നേറിയെങ്കിലും അഭിനേതാക്കള്‍ സിനിമയുടെ പേരിലും അല്ലാതെയും ആരാധകരുടെ തെറിവിളി കേട്ട വര്‍ഷം കൂടിയായിരുന്നു ഇത്. ആരാധകരെ കൊണ്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും നല്ല ചീത്ത പേര് ഉണ്ടാക്കികൊടുത്തിട്ടുണ്ട്. 

അതേസമയം മികച്ച സിനിമകള്‍ കൂടി സമ്മാനിച്ച വര്‍ഷമായിരുന്നു 2017. 125 ല്‍ പരം സിനിമകളാണ് ഈവര്‍ഷം പുറത്തിറങ്ങിയത്. സൂപ്പര്‍ താരങ്ങളെ നോക്കിയല്ല, മികച്ച ചിത്രങ്ങള്‍ നോക്കിയാണ് ഓരോ പ്രേക്ഷകനും തിയേറ്റര്‍ തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെയാണ് ലിജോ ജോസിന്റെ പരീക്ഷണവും പോത്തേട്ടന്‍സ് ബ്രില്ലന്‍സുമെല്ലാം സിനിമാ പ്രേമികള്‍ ഏറ്റെടുത്തു.

ജിമിക്കി കമ്മല്‍ കൊണ്ടുപോയ വിനീത് ശ്രീനിവാസന്‍

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 'വെളിപാടിന്റെ പുസ്തകം'. ചിത്രത്തിലെ ഗാനമായ ജിമിക്കി കമ്മല്‍ ആഗോളതലത്തില്‍ ഹിറ്റായി. ആ പാട്ട് പാടിയ വിനീത് ശ്രീനിവാസന്‍ ഗാനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനോടൊപ്പം ലാലങ്കിള്‍ എന്ന് കുറിച്ചു. അതോടെ വിവാദവും ഫാന്‍സുകാരുടെ തെറിവിളിയുമായി. ലാലങ്കിള്‍ എന്ന് വിളിച്ചതിന്റെ പേരില്‍ വിനീത് ശ്രീനിവാസന്‍ കേള്‍ക്കാത്ത തെറിയില്ല. അവസാനം ഫാന്‍സുകാര്‍ വിനീത് ശ്രീനിവാസനോട് മാപ്പ് പറയേണ്ടി വന്നു.

ഫേസ്ബുക്കില്‍ വീണ ലിച്ചിയുടെ കണ്ണുനീര്‍

അങ്കമാലീസ് ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ലിച്ചി അന്ന രേഷ്മ രാജന്‍. നടിയെ എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും മമ്മൂട്ടിയുടെ ആരാധകര്‍ താരത്തെ കരയിപ്പിച്ചു. സംഭവം ഒരു ടിവി ഷോയ്ക്കിടെയാണ്. സംഗതി, മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചു വന്നാ ആരുടെ നായിക ആവണം എന്ന് ലിച്ചിയോട് ഒരു ചോദ്യം. ഏതൊരു താരവും പറയുന്നത് പോലെ ലിച്ചിയും പറഞ്ഞു. ദുല്‍ഖര്‍ മതിയെന്ന്. ദുല്‍ഖറിന്റെ അച്ഛനായി മമ്മൂട്ടി വന്നോട്ടെയെന്ന്. നടി തമാശയ്ക്കാണ് പറഞ്ഞതെങ്കിലും ആരാധകര്‍ ലിച്ചിയെ വെറുതെ വിട്ടില്ല.കാരണം ആരാധകരെ സംബന്ധിച്ചിടത്തോളം മമ്മൂട്ടിക്ക് പ്രായമായിട്ടില്ലെന്നാണ്. ഫാന്‍സുകാരുടെ തെറിവിളികേട്ട് ലിച്ചി ലിിച്ചിക്ക് കരച്ചിടക്കാന്‍ പോലും കഴിഞ്ഞില്ല. ഒടുവില്‍ താരം കരഞ്ഞാണ് മാപ്പ് പറഞ്ഞത്. അവസാനം ലിച്ചിക്ക് ആശ്വാസവാക്കുകളുമായി മമ്മൂട്ടി തന്നെ രംഗത്ത് വന്നു.

തെറിവിളിയില്‍ റിച്ചായ രൂപേഷ് പീതാംബരന്‍

സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം മനോഹരമാക്കിയ രൂപേഷ് പീതാംബരനെ മലയാളികള്‍ ആരും മറക്കില്ല. എന്നാല്‍ രൂപേഷ് പിതാംബരന്‍ 2017 തീരെ മറക്കാനിടയില്ലാത്ത വര്‍ഷമാണ്. 'മെക്സിക്കന്‍ അപാരത' സിനിമയില്‍ അഭിനയിച്ച് സിനിമാ അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും നിവിന്‍ പോളിയുടെ 'റിച്ചി' സിനിമയ്ക്ക് വേണ്ടി ഒട്ടേറെ തെറിവിളികളാണ് താരം ഏറ്റുവാങ്ങിയത്. തങ്ങളുടെ പ്രിയ നടനെയോ അവരുടെ ചിത്രങ്ങളെയോ വിമര്‍ശിച്ചാല്‍ പിന്നെ സമൂഹമാധ്യമങ്ങളിലൂടെ അവരെ പൊങ്കാലയിട്ട് ശരിപ്പെടുത്തും ആരാധകര്‍. നിവിന്‍ പോളി നായകനായ റിച്ചിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. 'ഉളിദവര് കണ്ടതേന്‍' ഒരു മാസ്റ്റര്‍ പീസാണെന്നും അതിനെ വെറും പീസാക്കി മാറ്റിയെന്നും രൂപേഷ് പോസ്റ്റിട്ടു. 

ഇതോടെ രൂപേഷിനെതിരെ പൊങ്കാലയായിരുന്നു. 'ഉളിദവരു കണ്ടതേ' എന്ന സിനിമയെ പ്രശംസിച്ച് പറഞ്ഞതിന് മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്തകള്‍ തെറ്റായ രീതിയില്‍ നല്‍കിയതിന്റെ പേരില്‍ ലോകത്തുളള എല്ലാ തെറികളും കേട്ടിട്ടുണ്ടെന്ന് താരം തന്നെ പറയുന്നുണ്ട്. എന്നാല്‍ താരം സിനിമയെ പ്രശംസിച്ചാണ് പറഞ്ഞതെന്നും റിച്ചിയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും പറയുന്നു. ഇതിന്റെ പേരില്‍ നിര്‍മാതാക്കള്‍ പോലും തന്നോട് ഇടഞ്ഞു നിന്നു. ഇതില്‍ ആരാധകര്‍ക്ക് അച്ചടക്കമില്ലാത്തതാണ് ഇതിന് കാരണമെന്ന് താരം തന്നെ പറയുന്നു. അവസാനം രൂപേഷിനും മാപ്പ് പറയേണ്ടി വന്നു. എന്നാല്‍ തന്റെ സിനിമയെ മോശമായി പറഞ്ഞവര്‍ക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ടു പോകാനാണ് രൂപേഷിന്റെ തീരുമാനം. 

കസബയില്‍ തീര്‍ന്ന പാര്‍വതി

കസബയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനെതിരെ നടി പാര്‍വതി രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചില പരാമര്‍ശങ്ങള്‍ നടത്തി. ഈ പരാമര്‍ശനം ഞൊടിയിടയിലാണ് കത്തിപ്പടര്‍ന്നത്. പാര്‍വതിക്കെതിരെ സംവിധായകരും മറ്റ് സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഫാന്‍സുകാരും പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണമായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പാര്‍വതി കുലുങ്ങിയില്ല. അവസാനം ബലാത്സംഗ ഭീഷണി വരെ നടിക്ക് നേരെ എത്തി. സഹക്കെട്ടപ്പോള്‍ താരം പരാതി നല്‍കി. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതും മമ്മൂട്ടി ആരാധകര്‍ തന്നെയായിരുന്നു. ഒടുവില്‍ പാര്‍വതിയെ ആശംസിപ്പിച്ചുകൊണ്ട് മമ്മൂട്ടി തന്നെ രംഗത്ത് എത്തി. 

 ആരാധകര്‍ നടീനടന്മാരെ തെറി വിളിച്ച വര്‍ഷമായിരുന്നു ഇത്. നല്ല സിനിമകളോടല്ല എന്തിനും ഏതിനും സൂപ്പര്‍താരങ്ങള്‍ എന്ന പറഞ്ഞ് സിനിമാ ലോകത്തുള്ളവര്‍ക്കെതിരെ ഒളിയമ്പുകള്‍ തൊടുത്തുവിടുന്നവര്‍ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. പണി ഇപ്പോള്‍ പാലും വെള്ളത്തിലാണ് വരുന്നത്.