ഇപ്പോള്‍ 'ജീവാംശ' ത്തിന് ക്ലാസിക്കല്‍ ടച്ചില്‍ നൃത്താവിഷ്കാരം ഒരുക്കിയ നര്‍ത്തകി അഞ്ജലിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ മനസ് കീഴടക്കുകയാണ്

കോട്ടയം: വില്ലനില്‍ തുടങ്ങി സഹനടനായി ഇപ്പോള്‍ നായകനായി തിളങ്ങുകയാണ് ടൊവിനോ തോമസ്. എന്ന് നിന്‍റെ മൊയ്തീന്‍ എന്ന കരിയര്‍ ബ്രേക്കിന് ശേഷം തൊടുന്നതെല്ലാം പൊന്നാക്കുന്ന ടൊവിനോയുടെ ഇപ്പോള്‍ തീയറ്റര്‍ നിറഞ്ഞ് കളിക്കുന്ന ചിത്രമാണ് തീവണ്ടി.

പ്രളയവും മറ്റും മൂലം റിലീസ് വെെകിയ ചിത്രത്തിലെ 'ജീവാംശമായി' എന്ന് ആരംഭിക്കുന്ന ഗാനം ചിത്രം ഇറങ്ങും മുമ്പേ തന്നെ ആസ്വാദകര്‍ നെഞ്ചേറ്റിയിരുന്നു. ഒപ്പം പ്രണയം തുളുമ്പുന്ന വരികള്‍ മലയാളികളുടെ ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് ഇപ്പോഴും ഒഴുകുകയാണ്. ഇപ്പോള്‍ 'ജീവാംശ' ത്തിന് ക്ലാസിക്കല്‍ ടച്ചില്‍ നൃത്താവിഷ്കാരം ഒരുക്കിയ നര്‍ത്തകി അഞ്ജലിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ മനസ് കീഴടക്കുകയാണ്.

കോട്ടയം പുതുപ്പള്ളിയിലെ അഞ്ജലി ഹരി ഒരുക്കിയ നൃത്തം ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്. തീവണ്ടിയുടെ സംഗീത സംവിധായകനായ കെെലാസ് മേനോന്‍ നൃത്തം കണ്ട് ശേഷം എക്സലെന്‍റ് എന്നാണ് പ്രതികരിച്ചത്. കോട്ടയം പുതുപ്പള്ളിയില്‍ കലാകളരി എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് അഞ്ജലി.

തന്‍റെ കുട്ടികളുടെ ആവശ്യപ്രകാരമാണ് 'ജീവാംശ'ത്തിനായി ചുവടുകള്‍ വച്ചതെന്ന് അഞ്ജലി പറയുന്നു. കേട്ടപ്പോള്‍ മുതല്‍ അറിയാതെ മൂളിയ ആ പാട്ടിനോടുള്ള ഇഷ്ടവും ഇത്തരത്തിലുള്ള ഒരു നൃത്താവിഷ്കാരം ചെയ്യാന്‍ കാരണമായെന്നും അഞ്‍ജലി പറയുന്നു. ബി.കെ. ഹരി നാരായണന്‍റേതാണ് ജീവാംശത്തിന്‍റെ വരികള്‍. കെെലാസ് മേനോന്‍റെ സംഗീതത്തില്‍ ശ്രേയ ഘോഷാലും ഹരിശങ്കറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.