മൊബൈല്‍ ഫോൺ റേഡിയേഷൻ ജീവന് ഭീഷണിയാണെന്നാണ് ചിത്രം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സിഒഎഐ നിർമ്മാതക്കൾക്കെതിരെ സെൻസർ ബോർഡിനും പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നൽകി.
ചെന്നെെ: ലോകമെമ്പാടും പ്രദർശനത്തിനെത്താൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ രജനികാന്ത് ചിത്രം 2.0നെതിരെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്ത്. മൊബൈല്‍ ഫോൺ റേഡിയേഷൻ ജീവന് ഭീഷണിയാണെന്നാണ് ചിത്രം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സിഒഎഐ നിർമ്മാതക്കൾക്കെതിരെ സെൻസർ ബോർഡിനും പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നൽകി.
ചിത്രം അശാസ്ത്രീയത പ്രചരിപ്പിക്കുകയാണ്. മൊബൈൽ ഫോണുകളും മൊബൈൽ ടവറുകളും പ്രകൃതിക്കും മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നും സിഒഎഐ ആരോപിച്ചു. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ വാദം കേള്‍ക്കുന്നത് വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങ് ചൊവാഴ്ച ആരംഭിച്ചു. മികച്ച പ്രതികരണമാണ് ടിക്കറ്റ് വില്‍പനയിലുണ്ടായിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ലോകത്താകമാനം 10,000 ത്തോളം തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
എന്തിരന്‍റെ വിജയത്തിന് ശേഷം ശങ്കര്‍-രജനീകാന്ത് കൂട്ടുക്കെട്ട് വീണ്ടും എത്തുമ്പോള്‍ സാങ്കേതിക തികവിന്‍റെ പൂര്‍ണത പ്രേക്ഷകര്‍ക്ക് കാണാനാകുമെന്നാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ അവകാശപ്പെടുന്നത്. ഇതിനിടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരുന്നു. രജനീകാന്തിന്‍റെ നായികയായി എമി ജാക്സണാണ് 2.0യില്‍ എത്തുന്നത്.
