കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11നാണ് കോടതി നടപടികള്‍ തുടങ്ങുക. കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിക്കുന്നത്. നേരത്തെ ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്. ഇതിനിടെ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് നടപടികളിലൂടെ റിമാന്റ് 14 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിക്കും.