Asianet News MalayalamAsianet News Malayalam

എംടിയുടെ ഹര്‍ജി അടുത്ത മാസത്തേക്ക് മാറ്റി; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. 

court will hear randaamoozham case next month
Author
Thiruvananthapuram, First Published Oct 25, 2018, 12:47 PM IST

രണ്ടാമൂഴത്തിന്‍റെ തിരക്കഥാരൂപം തിരികെ വേണമെന്നാവശ്യപ്പെട്ട് രചയിതാവ് എം.ടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് ആവശ്യപ്പെട്ടിട്ടുമുണ്ട് കോടതി. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. സംഭവം വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെ സൗഹാര്‍ദ്ദപരമെന്നായിരുന്നു സംവിധായകന്‍ വിശേഷിപ്പിച്ചത്. കേസ് നിയമയുദ്ധമായി മാറില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നതായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും കൂടിക്കാഴ്ചയ്ത്ത് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെ സിനിമാമേഖലയിലടക്കം എംടി കേസില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്ന് എംടി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എംടിയുടെ ഹര്‍ജി പ്രകാരം സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഒപ്പം പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് മറ്റ് ചില നിര്‍മ്മാതാക്കള്‍ എംടിയെ സമീപിച്ചതായും സൂചനയുണ്ട്.
 

Follow Us:
Download App:
  • android
  • ios