കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന സിനിമാ ആരാധകരാണ് ഇന്ന് മലയാളത്തിലുള്ളത്. സൂപ്പര്‍സ്റ്റാറിനെ കുറിച്ചോ മെഗാസ്റ്റാറിനെ കുറിച്ചോ ചെറിയ ഒരു കാര്യം കേട്ടാല്‍ മതി കലി തുള്ളി ആരാധകര്‍ എത്തും. താരങ്ങളോ മറ്റോ പറയുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാതെ സൈബര്‍ ആക്രമണം തുടങ്ങും. ഇതു തന്നെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമാ ലോകത്ത് നടന്നതും. ആരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് മറ്റുതാരങ്ങള്‍ തന്നെയാണെന്നും എടുത്തു പറയേണ്ടത് തന്നെ. 

ചില വിവാദങ്ങളും ആക്ഷേപങ്ങളും നിറയുമ്പോള്‍ താരവും ആരാധകരും മാപ്പു പറയുന്ന കാലം കൂടിയായി മലയാള സിനിമ മാറി. സിനിമയും താരങ്ങളും, ആരാധകരും തമ്മില്‍ ചെറിയ തോതിലുള്ള സ്വരചേര്‍ച്ച തന്നെയാണ് ഇതിന് കാരണം. 

മോഹന്‍ലാലിന്‍റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വീഡിയോ ഷെയര്‍ ചെയ്ത് 'ലാല്‍ അങ്കിളിന്‍റെ ജിമിക്കി കമ്മല്‍' എന്ന് വിനീത് ശ്രീനിവാസന്‍ കുറിപ്പ് നല്‍കിയത് ആരാധകരെ ചൊടിപ്പിച്ചു. തൊട്ടുപിന്നാലെ തുടങ്ങി സൈബര്‍ ആക്രമണം. എന്നാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ മോഹന്‍ലാല്‍ ഫാന്‍സ് വിനീതിനോട് മാപ്പ് പറയുകയും ചെയ്തു. 

അംഗമാലി ഡയറീസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ അന്ന രേഷ്മ രാജനെതിരെ മമ്മൂട്ടി ആരാധകര്‍ വലിയ വിമര്‍ശനമാണ് നടത്തിയത്. ഒരു ടിവി ഷോയ്ക്കിടെ കുസൃതി ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകാകണമെന്ന് അന്നയോട് ചോദിച്ചു. ദുല്‍ഖര്‍ നായകനാകട്ടെ മമ്മൂട്ടി അച്ഛനുമാകട്ടെയാന്നായിരുന്നു അന്നയുടെ മറുപടി. എന്നാല്‍ ഈ തമാശ മമ്മൂട്ടി ആരാധകര്‍ വളെരെ ഗൗരവത്തിലെടുക്കുകയും നടിക്കെതിരെ ആക്രമണം തുടങ്ങുകയും ചെയ്തു.

ഈ ആക്രമണത്തില്‍ പതറിപ്പോയ നടിയാകട്ടെ തെറ്റിദ്ധാരണയുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്ന കരഞ്ഞ് പറയുകയും ചെയ്തു. താരത്തിന് അനുകൂലിച്ച് സിനിമാ സംസ്കാരിക രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. കരഞ്ഞ് മാപ്പ് പറഞ്ഞ രേഷ്മയെ ഒടുവില്‍ മമ്മൂട്ടി തന്നെ വിളിച്ച് ആശ്വസിപ്പിക്കേണ്ടി വന്നു. താരപുത്രന്‍മാര്‍ ആധിപത്യം സ്ഥാപിക്കുന്ന ഇന്നത്തെ മലയാള സിനിമയില്‍ ആരാധകരും താരങ്ങളും എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 ഇതിന് മുന്‍പും സമാനമായ രീതിയില്‍ മലയാളി നടിക്കും മാധ്യമ പ്രവര്‍ത്തകയ്ക്കുമൊക്കെ ആരാധകര്‍ പൊങ്കാല നടത്തിയിട്ടുണ്ട്. വിജയ് ചിത്രത്തിനൊപ്പം സൂര്യയുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് അതിന് നല്‍കിയ ക്യാപ്ഷനായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്. ഒടുവില്‍ സംഭത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി അനുശ്രീ തന്നെ രംഗത്ത് വന്നു. വിജയ് ആരാധകരുടെ കഥപറയുന്ന ചിത്രമാണ് സണ്ണി വെയ്ന്‍ നായകനാകുന്ന 'പോക്കിരി സൈമണ്‍'. വിജയ്യുടെ വലിയ ഫ്ളെക്സിനു മുന്നില്‍ സണ്ണി വെയ്ന്‍ നില്‍ക്കുന്ന ചിത്രവും സൂര്യയുടെ പിറന്നാള്‍ ദിനത്തിലുള്ള ഒരു ചിത്രവുമാണ് അനുശ്രീ ഷെയര്‍ ചെയ്തത്. ഇതൊരു സിനിമയാണെങ്കില്‍ ഇത് റിയല്‍ ലൈഫ് എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. 

പോസ്റ്റിട്ട് ഏറെ വൈകാതെ അനുശ്രീയെ ട്രോളി വിജയ് ആരാധകരെത്തി. സൂര്യയോടുള്ള അനുശ്രീയുടെ ഇഷ്ടം മനസിലാക്കിയായിരുന്നു ട്രോളന്മാരുടെ വിളയാട്ടം. പോസിറ്റീവും അതിലുപരി നെഗറ്റീവുമായുള്ള കമന്‍റുകള്‍ നിറഞ്ഞതോടെ അനുശ്രീക്ക് ആ പോസ്റ്റു തന്നെ പിന്‍വലിക്കേണ്ടിവന്നു. പിന്നീട് വിശദീകരണവുമായി എത്തുകയായിരുന്നു. താന്‍ മനസില്‍ പോലും കരുതാത്ത അര്‍ത്ഥങ്ങളാണ് പലരും ആ പോസ്റ്റിന് നല്‍കിയതെന്ന് അനുശ്രീ പറഞ്ഞു.

വിജയെ പോലൊരു വലിയ നടനെ നെഗറ്റീവ് പറയാന്‍ താന്‍ ആരെങ്കിലുമാണോ എന്ന് അനുശ്രീ ചോദിച്ചു. പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിക്കുന്ന സൂര്യയുടെ ചിത്രം ആരോ അയച്ചു തന്നതാണ്. സൂര്യയോടുള്ള തന്‍റെ ഇഷ്ടം എല്ലാവരും അറിഞ്ഞു എന്ന സന്തോഷത്തില്‍ അത് പോസ്റ്റു ചെയ്യുകയാണ് ചെയ്തത്. അത് റിയല്‍ ലൈഫില്‍ നടന്ന ഒരു സംഭവമായതുകൊണ്ടാണ് അത്തരത്തില്‍ ഒരു ക്യാപ്ന്‍ നല്‍കിയത്. മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും അനുശ്രീ പറഞ്ഞു.

വിജയ്ക്കുശേഷം തല അജിത്തും ആരാധകരുടെ ചെയ്തികളില്‍ മാപ്പ് പറഞ്ഞു. അജിത്തിന്‍റെ സിനിമ വിവേകത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്ന സമയത്ത് അതിനെ വിമര്‍ശിച്ച് ചില സിനിമ നിരൂപകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ നിരൂപകര്‍ക്കെതിരെ തെറിയഭിഷേകവുമായി ആരാധകര്‍ രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് അജിത് തന്നെ നേരിട്ടെത്തി. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ലാത്തതിനാല്‍ വക്കീല്‍ വഴി പ്രസ്താവനയിലൂടെയാണ് താരം മാപ്പ് പറഞ്ഞത്. ഇതുപോലെ ആരാധകരുടെ ഭ്രാന്തില്‍ എത്ര താരങ്ങളാണ് നേരിട്ട് മാപ്പ് പറയേണ്ടി വരുന്നത്.