കൊച്ചി: മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവിന് എതിരെ മോഹന്‍ലാല്‍ ആരാധാകരുടെ സൈബര്‍ ആക്രമണം. ഇതിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പ്രോഡക്ഷന്‍ ഹൗസായ വീക്ക്എന്‍റ് ബ്ലോക്ബസ്റ്റേര്‍സും അതിന്‍റെ ഉടമ സോഫിയ പോളും. തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രത്തിന് ആവശ്യമായ പ്രചരണം നിര്‍മ്മാതാക്കള്‍ നല്‍കുന്നില്ലെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ എന്ന് പറയപ്പെടുന്ന സൈബര്‍ ആക്രമകാരികളുടെ വാദം.

ഇതിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് സോഫിയ പോളിന്‍റെ പേജിലും,വീക്ക്എന്‍റ് ബ്ലോക്ബസ്റ്റേര്‍സിന്‍റെ പേജിലും വ്യാപകമായി അധിക്ഷേപിക്കുന്ന തരത്തില്‍ കമന്‍റുകള്‍ ഇടുവാന്‍ തുടങ്ങി. തിയറ്ററില്‍ മികച്ച പ്രതികരണം ഉണ്ടാക്കുന്ന ചിത്രത്തിന്‍റെ റിലീസ് മോഹന്‍ലാലുമായി അടുത്ത നിര്‍മ്മാണകമ്പനിക്ക് നല്‍കിയിരുന്നെങ്കില്‍ ഇതിലും മികച്ച പ്രതികരണം ഉണ്ടായേനെ എന്ന് തുടങ്ങിയ വിചിത്ര വാദങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത് എന്ന് സോഫിയ പോള്‍ പറയുന്നു.

ഒരു വനിത നിര്‍മ്മാതാവ് എന്ന നിലയില്‍ തനിക്കെതിരായി നടക്കുന്ന അധിക്ഷേപങ്ങളെ നിയമപരമായി സമീപിക്കുമെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്തിടെ മറ്റൊരു പ്രമുഖതാരത്തിന്‍റെ ചിത്രത്തിന്‍റെ പ്രമോഷന്‍ വര്‍ക്കുകളാണ് ലാല്‍ ആരാധകരെന്ന് പറയുന്നവരെ ചൊടിപ്പിച്ചതെന്നും. അതാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്‍റെ നിര്‍മ്മാതാവിനെ ലക്ഷ്യം വയ്ക്കാന്‍ കാരണമെന്നുമാണ് വീക്ക്എന്‍റ് ബ്ലോക്ബസ്റ്റേര്‍സുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് മുന്‍പ് ഒരേമുഖം, കാടുപൂക്കും കാലം പോലുള്ള ചിത്രങ്ങള്‍ എടുത്ത ശ്രേദ്ധേയ നിര്‍മ്മാതാവാണ് സോഫിയ പോള്‍.