ഞാനൊരു ഫെമിനിസ്റ്റാണ്. എന്‍റെ ഫെമിനിസം തുടങ്ങുന്നത് ഒരു പൊരിച്ച മീനില്‍ നിന്നാണെന്ന് പറഞ്ഞ റിമ കല്ലിങ്കല്‍. മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടി റിമ കല്ലിങ്കലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ഇര. 

മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും പ്രതിഫലത്തിലുള്ള വിവേചനവും ചൂണ്ടിക്കാണിച്ച നടി റിമ കല്ലിങ്കലിനെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്സില്‍ പങ്കെടുക്കവേ റിമ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെയും മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ പുലിമുരുകനിലെ ആകെയുള്ള സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. 

ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രത്തില്‍ നാല് സ്ത്രീ കഥാപാത്രങ്ങളാണുള്ളതെന്നും റിമ പറയുന്നു. വഴക്കാളിയായ ഭാര്യ, നായകനെ മോഹിപ്പിക്കാന്‍ വേണ്ടി മാത്രം സ്ക്രീനില്‍ വരുന്ന സെക്സ് സൈറന്‍, തെറിവിളിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന അമ്മായി അമ്മ, കുട്ടികളെ പെറ്റുകൂട്ടുന്ന മറ്റൊരു ഭാര്യ.നമുക്ക് മുന്‍പുള്ളവര്‍ക്ക് ചോദിക്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാമെന്നും അതിനാല്‍ നമുക്ക് ശേഷം വരുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരില്ലെന്നും പറഞ്ഞാണ് റിമ അവസാനിപ്പിക്കുന്നത്. ഇതിനുപിന്നാലെയാണ് മോഹന്‍ലാല്‍ ഫാന്‍സിന്‍റെ അസഭ്യവര്‍ഷം. റിമയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഫാന്‍സിന്‍റെ തെറിവിളി.

‘ഹാപ്പി ഹസ്ബന്‍സ് എന്ന സിനിമയില്‍ ചേച്ചി ചെയ്ത റോള്‍ എന്തായിരുന്നു… ശ്യോ ഓര്‍മ കിട്ടുന്നില്ലല്ലോ….’ എന്നാണ് ഒരാളുടെ കമന്‍റ്. ലാലേട്ടനെപ്പറ്റി പറഞ്ഞാല്‍ നീ താങ്ങൂല കേട്ടോ എന്നാണ് മറ്റൊരാളുടെ കമന്‍റ്.

നേരത്തെ കസബ സിനിമയിലെ സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളെയും രംഗങ്ങളെയും വിമര്‍ശിച്ചതിന്‍റെ പേരില്‍ നടി പാര്‍വതിക്കെതിരെ മമ്മൂട്ടി ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സമാനമായ രീതിയിലാണ് റിമക്കെതിരേയുള്ള ആക്രമണവും. പാര്‍വതിയെ പിന്തുണച്ചതിന്‍റെ പേരിലും റിമയ്ക്കുനേരെ അസഭ്യവര്‍ഷവുമായി ഫാന്‍സ് രംഗത്തെത്തിയിരുന്നു.