2018 ചിത്രങ്ങളില്‍ നാലാമത്   അവഞ്ചേഴ്‌സ് ആദ്യദിനം നേടിയത് 31.30 കോടി

ഹോളിവുഡ് സിനിമകളുടെ, ലോകത്തിലെതന്നെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ന് ഇന്ത്യ. ആഗോള കളക്ഷനില്‍ മുന്നിലെത്തുന്ന ഹോളിവുഡ് പ്രൊഡക്ഷനുകളില്‍ പലതും ഇന്ത്യയില്‍ നിന്ന് വാരിയ തുക കേട്ടാല്‍ നമ്മുടെ നിര്‍മ്മാതാക്കള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടേക്കും. അതിന്റെ അവസാന ഉദാഹരണമായിരുന്നു ലോകമെങ്ങുമുള്ള മാര്‍വല്‍ പ്രേമികള്‍ ഏറ്റെടുത്ത അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. റിലീസിന് രണ്ടാഴ്ചയ്ക്ക് ശേഷം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടി നേടിയ ചിത്രം ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റാണ്. ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയത് അവഞ്ചേഴ്‌സ് ആണ്. 31.30 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. ഒറിജിനല്‍ ഇംഗ്ലീഷ് പതിപ്പ് കൂടാതെ ഇന്ത്യന്‍ പരിഭാഷാ പതിപ്പുകളും ചേര്‍ത്താണ് ഇത്. അവഞ്ചേഴ്‌സിനൊപ്പം ഇല്ലെങ്കിലും മറ്റൊരു ഹോളിവുഡ് ചിത്രവും ഇപ്പോള്‍ മികച്ച ഓപണിംഗ് കളക്ഷന്‍ നേടിയിരിക്കുകയാണ് ഇന്ത്യയില്‍. ഡെഡ്പൂള്‍ 2 ആണ് ചിത്രം.

11.25 കോടിയാണ് ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വാരിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശിന്റെ കണക്ക്. അതായത് 2018ല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ നാലാമതാണ് ഡെഡ്പൂള്‍ 2.

ഈ വര്‍ഷത്തെ മികച്ച ആദ്യദിന കളക്ഷനുകള്‍

1. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍- 31.30 കോടി

2. ബാഗി 2. 25.10 കോടി

3. പദ്മാവത്- 19 കോടി

4. ഡെഡ്പൂള്‍ 2- 11.25 കോടി

5. പാഡ്മാന്‍- 10.26 കോടി