Asianet News MalayalamAsianet News Malayalam

ദിലീപിനെ സന്ദര്‍ശിച്ച കെ.പി.എ.സി ലളിതയ്ക്കെതിരെ ദീപാ നിശാന്ത്

deepa nishant against  kpac lalitha on dileep visit
Author
First Published Sep 18, 2017, 9:43 AM IST

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച നടി കെ.പി.എ.സി ലളിതയെ വിമര്‍ശിച്ച് ദീപാ നിശാന്ത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയുടെ സന്ദര്‍ശനത്തെ ക്രിമിനല്‍ കേസിലെ പ്രതിക്കനുകൂലമായി വൈകാരികാന്തരീക്ഷം ഒരുക്കിക്കൊടുക്കുന്ന നടപടിയെന്ന് ദീപാ നിശാന്ത് വിശേഷിപ്പിച്ചു. പ്രതിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന എം.എല്‍.എ.മാരായ ഗണേശ്കുമാറും മുകേഷും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി ദീപാ നിശാന്ത് പറഞ്ഞു.

'കഥ തുടരും' എന്ന കെ.പി.എ.സി.ലളിതയുടെ ആത്മകഥയുടെ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് ദീപാ നിശാന്തിന്‍റെ വിമര്‍ശനം. കെ.പി.എ.സി ലളിതക്ക് ആരെയും സന്ദര്‍ശിക്കാം എന്നാല്‍ കേരള സംഗീത നാടക അക്കാദമി അധ്യക്ഷ സര്‍ക്കാര്‍ സംവിധാനത്തിന്‍റെ ഭാഗമാണെന്ന് ദീപാ നിശാന്ത് പറഞ്ഞു. ഫേസ്ബുക്കിലാണ് മുതിര്‍ന്ന നടിക്കും എം.എല്‍.എ.മാര്‍ക്കെതിരെ ദീപാ നിശാന്തിന്‍റെ പ്രതികരണം വന്നത്. 

'അറിയപ്പെടാത്ത അടൂര്‍ഭാസി' എന്ന ആത്മകഥയിലെ അധ്യായം നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്‍റെ അങ്ങേത്തലയാണെന്ന് ദീപാ നിശാന്ത് പറഞ്ഞു. ലളിതയുടെ വെളിപ്പെടുത്തലിന്‍റെ പേരില്‍ വിയോജിപ്പ് പ്രകടിപ്പിക്കാനും മാനനഷ്ടത്തിന് കേസു കൊടുക്കാനും അടൂര്‍ഭാസി ജീവിച്ചിരിപ്പില്ല. ഇത് വായിച്ച് അഭിമാനം നഷ്ടപ്പെടാന്‍ അയാള്‍ക്ക് ഭാര്യയോ മക്കളോ ഇല്ലെന്ന് ദീപാ നിശാന്ത് പറഞ്ഞു.

എന്നാല്‍ ആത്മകഥ വായിച്ചപ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ ഇത്തരമൊരു കള്ളം പറയില്ലെന്നു തന്നെ ഉറച്ചു വിശ്വസിച്ചു. സിനിമയില്‍ കൊള്ളാവുന്ന പെമ്പിള്ളേര്‍ക്ക് ഒരു ചൂഷണോമില്യാ എന്ന വള്ളുവനാടന്‍മൊഴി പറയുന്ന കെ.പി.എ.സി ലളിത തന്‍റെ ആത്മകഥയുടെ വിശ്വാസ്യതയെ റദ്ദ് ചെയ്യുകയാണ്. കഥ തുടരട്ടെ എന്ന് പറഞ്ഞ്  ദീപാ നിശാന്ത് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.

 ദീപാ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

കെ.പി.എ.സി.ലളിതയുടെ ആത്മകഥയുടെ പേര് 'കഥ തുടരും' എന്നാണ്. അതിലൊരു അദ്ധ്യായമുണ്ട്.' അറിയപ്പെടാത്ത അടൂര്‍ഭാസി' എന്ന പേരില്‍. അടൂര്‍ഭാസി എന്ന നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്‍റെ അങ്ങേത്തലയാണ് ആ അദ്ധ്യായം.ഏതാനും ഭാഗങ്ങള്‍ ഇങ്ങനെയാണ്:
"അടൂര്‍ഭാസിയോടൊത്ത് ഒരുപാട് പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തില്‍ നിന്നും അയാളെന്നെ ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്....


ഒരു ദിവസം രാത്രി അടൂര്‍ഭാസി വീട്ടില്‍ വന്നു.രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ട് പറയുകയാണ്:
" ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും. എന്‍റെ കാറ് ലളിതാമ്മയ്ക്ക് തരാം.. "


എനിക്കന്ന് കാറൊന്നുമില്ല. ഇങ്ങേര് പറയുന്നത് എന്താണെന്നു വെച്ചാല്‍ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാല്‍ അങ്ങേര്‍ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. യാത്ര ചെയ്യാന്‍ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം.. കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം...


അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവര്‍ അയാള്‍ പറയുന്നതിലേ ന്യായം കാണുകയുളളൂ. അയാളുടേത് വേദവാക്യം!....
വെറുക്കാതിരിക്കാന്‍ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാന്‍ കഴിയില്ല.... "
[കഥ തുടരും..]
ഉടുതുണിയില്ലാതെ ലളിതയുടെ വീട്ടില്‍ കുടിച്ചു ബഹളമുണ്ടാക്കിയ അടൂര്‍ഭാസി മലയാളസിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു. അയാള്‍ നമ്മെ ചിരിപ്പിച്ചിരുന്നു... ലളിതയുടെ ആത്മകഥ വായിച്ചപ്പോള്‍ അയാള്‍ക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോ എന്നമ്പരന്നു... വിയോജിപ്പ് പ്രകടിപ്പിക്കാനും മാനനഷ്ടത്തിന് കേസു കൊടുക്കാനും അടൂര്‍ഭാസി ജീവിച്ചിരിപ്പില്ല. അയാള്‍ വിവാഹിതനല്ല.. ഇത് വായിച്ച് അഭിമാനം നഷ്ടപ്പെടാന്‍ അയാള്‍ക്ക് ഭാര്യയില്ല.. മക്കളില്ല.. മാതാപിതാക്കളും ജീവിച്ചിരിപ്പില്ല..


ലളിതയുടെ ആത്മകഥ വായിച്ചപ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ ഇത്തരമൊരു കള്ളം പറയില്ലെന്നു തന്നെ ഉറച്ചു വിശ്വസിച്ചു.. (ഇപ്പോഴും വിശ്വസിക്കുന്നു.)അടൂര്‍ ഭാസിക്കെതിരെ ചലച്ചിത്ര പരിഷത്തെന്ന സംഘടനയില്‍ പരാതി കൊടുത്തതിനെപ്പറ്റിയും അതിനെ ചോദ്യം ചെയ്ത ഉമ്മറടക്കമുള്ളവരോട് കയര്‍ത്തതിനെപ്പറ്റിയും അഭിമാനപൂര്‍വ്വം അവരെഴുതിയിട്ടുണ്ട്. "ഉമ്മുക്ക ചലച്ചിത്രപരിഷത്തിന്‍റെ പ്രസിഡണ്ടാണെന്ന് ഓര്‍ക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്.അങ്ങേരുടെ ആളായി സംസാരിക്കരുത് " എന്ന് ഉമ്മറിന്‍റെ മുഖത്തു നോക്കി പറഞ്ഞ ആത്മാഭിമാനമുള്ള സ്ത്രീയായിട്ടാണ് ആത്മകഥയില്‍ കെ.പി.എ.സി.ലളിതയെ വായിച്ചത്.

"സിനിമേല് കൊള്ളാവുന്ന പെമ്പിള്ളേര്‍ക്ക് ഒരു ചൂഷണോമില്യാ " എന്ന വള്ളുവനാടന്‍മൊഴി അവര് പറയുമ്പോള്‍ അതവരുടെ ആത്മകഥയുടെ വിശ്വാസ്യതയെത്തന്നെ റദ്ദ് ചെയ്യുന്ന ഒന്നാണ്.. കെ.പി.എ.സി.ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദര്‍ശിക്കാം.ആശ്വസിപ്പിക്കാം..പക്ഷേ കേരളസംഗീതനാടകഅക്കാദമി അധ്യക്ഷയായ ശ്രീമതി കെ.പി.എ. സി.ലളിത സര്‍ക്കാര്‍ സംവിധാനത്തിന്‍റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ്. അയാള്‍ക്കനുകൂലമായ വൈകാരികാന്തരീക്ഷം ഒരുക്കിക്കൊടുക്കും വിധം അത്തരമൊരു പ്രതിയെ സന്ദര്‍ശിച്ചും അല്ലാതെയും അയാള്‍ക്ക് പരസ്യമായി ക്ലീന്‍ചിറ്റ് നല്‍കുന്ന എം.എല്‍.എ.മാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്... അതാണ് ചോദ്യം ചെയ്യപ്പെടുന്നതും..
കഥ തുടരട്ടെ!

Follow Us:
Download App:
  • android
  • ios