മുംബൈ: ഈ വര്‍ഷത്തെ സെക്‌സിയെസ്റ്റ് ഏഷ്യന്‍ വുമണായി ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു. നാല് തവണ വിജയിയായിട്ടുള്ള പ്രിയങ്ക ചോപ്രയെ പിന്തള്ളിയാണ് ദീപിക ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ദീപിക സെക്‌സിയെസ്റ്റ് വുമണായി തിരഞ്ഞെടുക്കപ്പെടുന്നത്.

ബ്രിട്ടീഷ് ദിന പത്രമായ ഈസ്റ്റേണ്‍ ഐ ആണ് സ്ത്രീകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ദീപികയ്ക്കും പ്രിയങ്കയ്ക്കും പുറമേ ആലിയ ഭട്ട്, കത്രീന കൈഫ്, സോനം കപൂര്‍ എന്നിവരും പട്ടികയില്‍ ആദ്യ പത്തിലുണ്ടായിരുന്നു. ആലിയ ഭട്ട് അഞ്ചാം സ്ഥാനത്തും, കത്രീന, സോനം കപൂര്‍ എന്നിവര്‍ യഥാക്രമം ഏഴ്,എട്ട് സ്ഥാനങ്ങളിലുമാണ്.

വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ദീപിക പറഞ്ഞു. ആകര്‍ഷണം എന്നു പറയുന്നത് വ്യത്യസ്ത തരത്തിലാണെന്ന് പറഞ്ഞ ദീപിക തന്നെ സംബന്ധിച്ചിടത്തോളം ആകര്‍ഷണം എന്ന് പറയുന്നത് ശാരീരികമായി മാത്രമല്ല, ആത്മവിശ്വാസവും, നിഷ്‌കളങ്കതയുമെല്ലാം ആകര്‍ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രിയങ്കയായിരുന്നു ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ കൂടുതല്‍ വോട്ട് നേടി ദീപിക ഒന്നാമതെത്തി. ഈ വര്‍ഷം ദീപികയുടെ ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല.