പാകിസ്ഥാൻ നടി മഹിറാഖാന്റെ വിവാദ ചിത്രം ‘വെർണ’ക്കെതിരായ വിലക്കിൽ പ്രതിഷേധവുമായി ബോളിവുഡ് സുന്ദരി ദീപിക പദുകോൺ. ദീപിക നായികയായ സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവതി’ വിവാദങ്ങളിൽ അകപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാനി താരത്തിനുണ്ടായ സമാന അനുഭവത്തിൽ പിന്തുണയുമായി ഇന്ത്യൻ താരം എത്തിയത്.
ബലാത്സംഗവുമായി ബന്ധപ്പെട്ട പ്രശ്നം പ്രമേയമാകുന്ന ചിത്രമാണ് വെർണ. സിനിമയുടെ ശക്തി അറിയാത്തവരാണ് ഒരു ചെറിയ വിഭാഗമെന്നായിരുന്നു ദീപികയുടെ പ്രതികരണം.

അതേസമയം പത്മാവതിക്ക് പ്രദര്‍ശനാനുമതി നല്‍കും മുമ്പ് ചിത്രത്തിനെതിരെ ഉയരുന്ന പൊതു കാഴ്ചപ്പാടും വിയോജിപ്പും കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചു.രജ്പുത് സേന ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്നാണ് പതമാവതിക്കെതിരെ എതിർപ്പുയരുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് എതിർപ്പ്.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

