ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന് ആരോപിച്ച് വൃദ്ധ ദമ്പതികള്‍ സമര്‍പ്പിച്ച കേസില്‍ വീണ്ടും സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ താന്‍ തയ്യാറല്ലെന്ന് ധനുഷ് അറിയിച്ചു. ഒന്നും ഒളിക്കാനല്ലാ, പക്ഷേ തന്‍റെ ആത്മാര്‍ത്ഥതയെയും സ്വകാര്യതയേയും ടെസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ധനുഷ് കോടതിയില്‍ പറഞ്ഞു. 

ഇതു പോലെ ബാലിശമായ കേസുകളില്‍ ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നും. മാസം 65000 രൂപ നല്‍കണമെന്ന ദമ്പതികളുടെ ആവശ്യം തള്ളണമെന്നും ധനുഷ് പറഞ്ഞു. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും പക്ഷേ ഏതെങ്കിലും കീഴ്‌ക്കോടതിയില്‍ സാക്ഷി വിസ്താരത്തിന് തയ്യാറാകണമെന്നും കോടതി പറഞ്ഞു. 

മധുരയില്‍ നിന്നുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ചെറുപ്പത്തില്‍ നാടുവിട്ടു പോയ തങ്ങളുടെ മകനാണ് ധനുഷ് എന്ന് ആരോപിച്ച് കേസ് നല്‍കിയത്. ധനുഷിന്റെ ദേഹത്ത് ഉണ്ടായിരുന്ന മറുകുകളെക്കുറിച്ചും ഇവര്‍ പറഞ്ഞു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ അത്തരത്തില്‍ പാടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലേസര്‍ ചികിത്സയിലൂടെ മാറ്റയിരിക്കാമെന്ന വാദവും മെഡിക്കല്‍ സംഘം തള്ളി. 

നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്. വെങ്കിടേഷ് പ്രഭു എന്നാണ് ഔദ്യോഗിക പേര്. 1983 ജൂലൈ 28നാണ് ജനിച്ചത്. എന്നാല്‍ ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും 1985 നവംബര്‍ 7നാണ് ജനിച്ചതെന്നും ദമ്പതികള്‍ പറയുന്നു.