ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ കോടതിയില്‍ എത്തിയതാണ് കോളിവുഡില്‍ അടുത്തിടെ ചര്‍ച്ചയായ വാര്‍ത്ത. ധനുഷിന് അനുകൂലമായി മുന്‍ അധ്യാപിക രംഗത്ത് എത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത. താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് പഠിച്ചതെന്ന് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപിക പറഞ്ഞു. 1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളില്‍ ചേര്‍ത്തതെന്നും സുധ വെങ്കടേശ്വരന്‍ പറയുന്നു.

ധനുഷിന്റെ സഹോദരിമാരായ വിമല, ഗീത, കാര്‍ത്തിക ദേവി എന്നിവരും തായ് സത്യ സ്‌കൂളിലാണ് പഠിച്ചത്. അമ്മയാണ് ധനുഷിനെ സ്‌കൂളില്‍ കൊണ്ടുവന്ന് ആക്കിയിരുന്നത്. ധനുഷ് തായ് സത്യ സ്‌കൂളില്‍ പഠിച്ചതിന്റെ രേഖകള്‍ കൈവശമുണ്ട്. പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് ഒരു സര്‍ക്കാര്‍ രേഖയാണ്. ധനുഷ് തായ് സത്യ സ്‌കൂളിലാണ് പഠിച്ചതെന്ന് അതില്‍പ്പരം മറ്റൊരു തെളിവ് ആവശ്യമില്ല. ഞാന്‍ ധനുഷിനെ ഹിസ്റ്ററിയാണ് പഠിപ്പിച്ചിരുന്നത്. അന്നത്തെ പ്രിന്‍സിപ്പാളും ഞാനായിരുന്നു. ധനുഷിനെ അന്ന് പഠിപ്പിച്ച അധ്യാപകരില്‍ ചിലര്‍ ഇപ്പോഴും തായ് സത്യ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ടെന്നും സുധ പറയുന്നു.

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയർ സെക്കൻഡറി സ്കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവൺമെന്റ് ഹോസ്റ്റലിൽ ആയിരുന്നു ധനുഷ് താമസിച്ചതെന്നും കതിരേശന്‍ പറയുന്നു. ധനുഷ് കോടതിയിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് തെറ്റാണെന്നും കതിരേശന്‍ പറയുന്നു. താൻ ജനിച്ചത് മധുരയിലാണെന്നാണ് ധനുഷ് മാധ്യമങ്ങളോട് പറഞ്ഞത്. ചെന്നൈ എഗ്മോറിലെ സർക്കാർ ആശുപത്രിയിൽ 1983 ജൂലൈ 28നാണ് താൻ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാർത്ഥപേര്. എന്നാൽ ഇത് തെറ്റാണെന്നാണ് കതിരേശനും മീനാലും പറയുന്നത്.

പ്രായധിക്യം മൂലം നിത്യച്ചെലവിനു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും സിനിമാ നടനായ മകന്‍ പ്രതിമാസം 65,000 രൂപ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിരുന്നു.

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂള്‍ പഠന കാലയളവില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് ദമ്പതികള്‍ ഹര്‍ജിയില്‍ പറയുന്നത്. പിന്നീട് ഊര്‍ജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ധനുഷിന്റെ സിനിമകള്‍ കണ്ടതോടെയാണ് മകനെ തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാന്‍ ചെന്നൈയിലെത്തി മകനെ കാണാന്‍‌ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.