കൊച്ചി: സിനിമയില്‍ തിരക്കേറിയ ഹാസ്യതാരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇപ്പോള്‍ ഇതാ ഒരു വിപ്ലവകരമായ തീരുമാനവുമായി ഈ താരം രംഗത്ത് എത്തിയിരിക്കുന്നു. സ്വീകരണങ്ങളിലും പരിപാടികളും പങ്കെടുക്കമ്പോഴൊക്കെ ധര്‍മ്മജന് ലഭിക്കുന്നതു ഫലകങ്ങളായിരുന്നു. ഫലകങ്ങള്‍ ലഭിക്കുന്നതു കൊണ്ടു പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ല എന്ന് ധര്‍മ്മജന്‍ പറയുന്നു. ചെറിയ വീടായതു കൊണ്ടു തന്നെ ഫലകങ്ങള്‍ വയ്ക്കാന്‍ അലമാരിയുണ്ടാക്കാന്‍ തന്നെ 40,000 ത്തോളം രൂപ ചെലവായി. 

എങ്കിലും സ്ഥലം തികയാത്തതു മൂലം ഫലകങ്ങള്‍ ചാക്കില്‍ കെട്ടി എവിടെയങ്കിലും വയ്‌ക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഫലകങ്ങള്‍ വേണ്ട എന്ന് ധര്‍മ്മജന്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു ധര്‍മ്മജന്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതിനു ശേഷം ആരെങ്കിലും സ്വീകരണം നല്‍കാന്‍ താല്‍പ്പര്യം ഉണ്ട് എന്ന് അറിയിക്കുകയാണെങ്കില്‍ അരി വാങ്ങി നല്‍കാന്‍ പറയുന്നു. അതുമല്ലെങ്കില്‍ പച്ചക്കറിയോ മറ്റു സാധനങ്ങളോ ആയിരിക്കും ആവശ്യപ്പെടുക. പരിചയക്കാരിലൂടെ അനാഥാലയങ്ങളേയും ആവശ്യക്കാരെയും കണ്ടുപിടിക്കുകയാണു പതിവ് എന്നു പറയുന്നു. 

വിശപ്പാണ് ഒരു മനുഷ്യന്‍റെ പരിഹരിക്കപ്പേടേണ്ടതായ ആവശ്യം എന്ന് ധര്‍മ്മജന്‍ പറയുന്നു. അനാഥാലായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഭക്ഷണം നല്‍കും. നിരവധിയാളുകള്‍ക്ക് ഇതു ഉപകാര പ്രദമാകാറുണ്ട് എന്ന് ധമ്മജന്‍ പറയുന്നു. അരിയും പച്ചക്കറിയുമല്ലെങ്കില്‍ ചിലപ്പോള്‍ പുസ്തകങ്ങള്‍ വാങ്ങി നല്‍കാന്‍ പറയും. ആവശ്യമായ പുസ്തകങ്ങളുടെ പേര് സംഘാടകര്‍ക്കു നേരത്തെ തന്നെ എഴുതി നല്‍കുമെന്നും ധര്‍മ്മജന്‍ പറയുന്നു.