രമേശ് പിഷാരടിക്കൊപ്പം മിനി സ്ക്രീനില്‍ ചിരി പൊട്ടിച്ചായിരുന്നു ധര്‍മ്മജന്‍ ബോല്‍ഗാട്ടിയുടെ തുടക്കം. പിന്നീട് ബിഗ് സ്ക്രീനിലെത്തിയപ്പോഴും പ്രേക്ഷകരുടെ ഇഷ്ടം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ അഭിനയത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ മറ്റൊരു രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് ധര്‍മ്മജന്‍. മത്സ്യക്കച്ചവടമാണ് അത്.

കൊച്ചി നിവാസികള്‍ക്ക് വിഷം തീണ്ടാത്ത മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഫിഷ് ഹബ്ബ് ശൃഖലയുടെ പേര് ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്നാണ്. കൊച്ചിയില്‍ ഉടനീളം ആരംഭിക്കാനിരിക്കുന്ന ഔട്ട്‍ലെറ്റുകളില്‍ ആദ്യത്തേത് അയ്യപ്പന്‍കാവില്‍ ജൂലൈ അഞ്ചിന് തുടങ്ങും. കുഞ്ചാക്കോ ബോബനാണ് ഉദ്ഘാടകന്‍. 

ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വല വീശി പിടിക്കുന്ന മീനും ശേഖരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം. ചെറിയ മത്സ്യങ്ങള്‍ വൃത്തിയാക്കി ആവശ്യാനുസരണം വീടുകളിലും ഫ്ളാറ്റുകളിലും എത്തിച്ചുനല്‍കും. സുഹൃത്തുക്കളടക്കം 11 പേരുമായി ചേര്‍ന്നാണ് ധര്‍മ്മജന്‍ പുതിയ ബിസിനസ് ആരംഭിക്കുന്നത്.