കൊച്ചി: നടന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ പറവയുടെ സസ്പന്‍സ് പൊളിച്ച് നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍‍. വെറും 20 മിനുറ്റ് മാത്രമാണ് താന്‍ സ്ക്രീനിലുണ്ടാവുകയെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തി. ഏറെ ത്രസിപ്പിക്കുന്ന സിനിമയില്‍ അഞ്ച് മിനുറ്റ് അവസരം ലഭിച്ചിരുന്നെങ്കിലും അഭിനയിക്കുമായിരുന്നെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിലെത്തുന്ന പറവ മലയാള സിനിമയുടെ ദിശമാറ്റുമെന്നാണ് ദുല്‍ഖറിന്‍റെ പ്രതീക്ഷ.

സെപ്റ്റംബര്‍ 21ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. പറവയില്‍ അഭിനയിക്കാന്‍ അവസരം തന്നതിന് സംവിധായകന്‍ സൗബിനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും ദുല്‍ഖര്‍ നന്ദി പറഞ്ഞു. താരപുത്രന്‍മാരായ ഷെയ്ന്‍ നിഗം, അര്‍ജുന്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പറവ.