'ഭീഷ്മർ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ
സിനിമയിലെ പ്രകടനം മോശമായാൽ വീട്ടിലേക്ക് വിളി വരുമെന്നത് കൊണ്ട് അച്ഛന്റെ സുഹൃത്തുക്കളുമായി ബന്ധം സൂക്ഷിക്കാറില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. ഈസ്റ്റ്കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ. അച്ഛന്റെ സുഹൃത്തുക്കൾ ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂവെന്നും ഇപ്പോൾ പെർഫോമൻസ് മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകുമെന്നും പറഞ്ഞ ധ്യാൻ, അമ്മ സംഘടനയുടെ പുതിയ കമ്മിറ്റിക്ക് ആശംസകളും നേർന്നു.
"ഞാൻ വളരെ ചെറുപ്പത്തിൽ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ അങ്കിളിനെ, അച്ഛന്റെ സുഹൃത്താണ് അതുകൊണ്ട് ഞാൻ അധികം ബന്ധം പുലർത്താറില്ല. അച്ഛന്റെ സുഹൃത്തുക്കൾ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോൾ പെർഫോമൻസ് മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകും. അതുകൊണ്ട് ആ ടെൻഷനിലാണ് ഞാൻ. മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു, ഒരുപാട് സന്തോഷമുണ്ട്." ധ്യാൻ പറഞ്ഞു. രവീന്ദ്ര നീ എവിടെ, ഡിക്റ്റക്റ്റീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ നായകനാവുന്ന ചിത്രമാണിത്. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ഭ ഭ ഭയിലും ധ്യാൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അതേസമയം 'കള്ളനും ഭഗവതിയും', 'ചിത്തിനി' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈസ്റ്റ്കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭീഷ്മർ. റൊമാന്റിക്-ഫൺ-ഫാമിലി ചിത്രമാണ് ഭീഷ്മർ. അൻസാജ് ഗോപി ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. രതീഷ് റാം ക്യാമറ ചലിപ്പിക്കുമ്പോൾ, ജോൺകുട്ടിയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിൽ നാല് ഗാനങ്ങളാണുള്ളത്. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവരുടെ സംഗീതത്തിന് ഹരിനാരായണൻ ബി.കെ, സന്തോഷ് വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിരാണ് ഗാനരചന നിർവഹിക്കുന്നത്.


