കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ അവസാനവട്ട പരിശോധനയാണ് നിലവില്‍ തുടരുന്നത്. കേസിലെ രണ്ടാംഘട്ട കുറ്റപത്രം ഈയാഴ്ച അവസാനം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം നല്‍കുക.
ആദ്യകുറ്റപത്രത്തിലുളള പ്രതിപ്പട്ടിക അഴിച്ചുപണിതാണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയിരുക്കുന്നത്. നിലവില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ രണ്ടാം പ്രതിയാകും. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയ്ക്കാനാണ് ധാരണ. കൃത്യത്തില്‍ പങ്കെടുത്തയാളെ രണ്ടാം പ്രതിയാക്കി മുഖ്യഗൂഡാലോചനക്കാരനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് പൊലീസ് വീണ്ടും വിദഗ്ധ നിയമോപദേശം തേടിയിട്ടുണ്ട്. ആദ്യകുറ്റപത്രത്തില്‍ കൃത്യത്തില്‍ പങ്കെടുത്തവരും ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരും അടക്കം ഏഴുപ്രതികളായിരുന്നു ഉണ്ടായിരുന്നത്. ദിലീപടക്കം പതിനൊന്നുപേരാകും പുതിയ കുറ്റുപത്രത്തില്‍ പ്രതികളാകുക. ഏഴാം പ്രതി ചാര്‍ളിയെ വിചാരണഘട്ടത്തില്‍ മാപ്പുസാക്ഷിയാക്കാനാണ് തീരുമാനം.
ദിലീപിനെതിരായ തെളിവുകള്‍ പൂര്‍ണമായിത്തന്നെ ശേഖരിച്ചെന്നും മൊഴികളില്‍ അവസാനഘട്ട വ്യക്തത വരുത്തിയെന്നുമാണ് അന്വേഷണസംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതിനിടെ അന്വേഷണസംഘത്തിനെതിരെ ദിലീപുമായി ബന്ധപ്പെട്ടവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ ദിലീപിന്റെ ഒരഭിഭാഷകന്‍ മുന്‍കൈയെടുത്താണ് പരാതി തയ്യാറിക്കിയത്. ദിലീപിനെ പ്രതിയാക്കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം.
