കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദീലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 26ലേക്ക് മാറ്റി. നേരത്തെ പരിഗണിക്കണമെന്ന ദിലീപീന്റെ ആവശ്യം കോടതി തള്ളി. വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കാനായി സാഹചര്യങ്ങളില്‍ ഇപ്പോഴെന്ത് മാറ്റമാണുണ്ടാതതെന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു.

സര്‍ക്കാരിന്റെ മറുപടികൂടി പരഗിണിച്ച് ഹര്‍ജി 26ലേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും 26ന് ഹര്‍ജി പരിഗണിച്ചാല്‍ മതിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 25ന് നാദിര്‍ഷായുടെയും കാവ്യാ മാധവന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അന്ന് സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കുന്നുണ്ടെന്നും അതുകൂടി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹര്‍ജി 26ന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചത്.

അതേസമയം, ജാമ്യഹര്‍ജിയില്‍ പരസ്യ സംവധിയാകന്‍ ശ്രീകുമാര്‍ മേനോനും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്നും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം തന്നെ ആരോപണം ഉന്നയിച്ചത് നടി മഞ്ജു വാര്യരാണ്. മഞ്ജുവിന് അന്വേഷസംഘം മേധാവിയായ എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ട്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ ഫോണ്‍ ചെയ്തകാര്യവും കത്തെഴുതിയകാര്യവും ഏപ്രില്‍ 10 മുതല്‍ 22 വരെയുള്ള തീയതികളില്‍ പലപ്പോഴായി ഡിജിപി ലോക്‌നാഥ് ബെഹ്റയെ അറിയിച്ചിരുന്നു.

പള്‍സര്‍ സുനിക്കെതിരെ നിരവധി കേസുകളുണ്ട്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തില്‍ എടുത്തിരിക്കുന്നതെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.