കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.. ഉച്ചയ്‌ക്ക് 1.45നാകും കേസില്‍ ഹൈക്കോടതി വിധി പറയുക. രണ്ട് തവണ ഹൈക്കോടതി നേരത്തെ ജാമ്യേപേക്ഷ തള്ളിയിരുന്നു. കേസിന്റെ കുറ്റപത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് പ്രോസിക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പോലീസ് വാദം ദിലീപിന് ജാമ്യം നിഷേധിക്കാനുള്ളതാണെന്നായിരുന്നു നേരത്തെ പ്രതിഭാഗം വാദിച്ചിരുന്നത്. കേസില്‍ ഇപ്പോള്‍ നടക്കുന്നത് സ്ഥിരം കുറ്റവാളിയായ സുനില്‍കുമാറിന്‍റെ മൊഴിയെ ആശ്രയിച്ചുള്ള അന്വേഷണമാണ്. ഇയാള്‍ പറയുന്ന കഥകള്‍ക്ക് പിറകെയാണ് പോലീസ്, ഇങ്ങനെപോയാല്‍ കേസില്‍ മുഖ്യപ്രതി സുനില്‍കുമാര്‍ പോലീസ് മാപ്പ് സാക്ഷിയാകുമെന്നും ദിലീപ് മാത്രമാകും പ്രതിയെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിഭാഗത്തിന്റെ വാദം ശരിയല്ലെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ ജാമ്യം തള്ളിയ സാഹചര്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നായിരുന്നു കേസ് പരിഗണിച്ച ദിവസം കോടതിയുടെ നിരീക്ഷണം.