കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപിനെ അനുകൂലിച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍. ദിലീപിന് ജാമ്യം അനുവദിച്ചതില്‍ കോടതിയുടെ നടപടി സ്വാഗതാര്‍ഹമാണ്. ഇത്രയും നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനെ പീഡിപ്പിക്കുകയായിരുന്നു. അത് ഇന്നത്തോടെ തീര്‍ന്നു. എല്ലാവരും ദിലീപിനെതിരിയായിരുന്നുവെന്നും നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമാക്കാരെ ഇതുവരെ ഉണ്ടായിരുന്നത്. ഇപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഈ കേസ് മാറ്റി ക്രൈംബ്രാഞ്ചിനോ സിബിഐയ്‌ക്കോ നല്‍കണം. ഇത്രയും നാള്‍ പ്രതികരിക്കാതിരുന്നത് ഇനിയുടെ ദിലീപിനെ ചൂഷണം ചെയ്യാതിരിക്കാനാണെന്നും സുരേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനി കൃത്യമായി പ്രതികരിക്കും. അതേസയമം ആക്രമിക്കപ്പെട്ട നടിയെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെയുള്ള ഗൂഢാലോചനയും കണ്ടുപിടിക്കണമെന്നും നിര്‍മ്മാത് പറഞ്ഞു.

വളരെ പ്രതീക്ഷയോടെയാണ് ദിലീപിന്റെ ജാമ്യത്തെ നോക്കിയിരുന്നത്. വളരെയധികം സന്തോഷമുണ്ടെന്ന് രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പ്രതികരിച്ചു. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് ജാമ്യം ലഭിക്കണമെന്നായിരുന്നു ആഗ്രഹം. അതിന് വേണ്ടിയാണ് സെപ്തംബര്‍ 28 ന് റിലീസ് തീരുമാനിച്ചത്. നിര്‍ഭാഗ്യവശാല്‍ അന്ന് ജാമ്യം ലഭിച്ചില്ല. പക്ഷേ സിനിമ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും ടോമിച്ചന്‍ പറഞ്ഞു.

 ദിലീപിന്റെ ജാമ്യത്തില്‍ സന്തോഷമുണ്ടെന്ന് രജപുത്രയുടെ നിര്‍മാതാവ് രഞ്ജിത്ത് പറഞ്ഞു. ഒരാള്‍ അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം ദിലീപ് അനുഭവിച്ചു. അത്രമാത്രം വിഷമം താന്‍ നേരിട്ടുകണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതി ഒട്ടും ലഭിക്കാത്ത ഒരാളാണ് ദിലീപ്. അത്രമാത്രം ഉപദ്രവം സഹിച്ചയാളാണ് ദിലീപെന്നും അദ്ദേഹം പറഞ്ഞു.

86 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ഇന്ന് ജാമ്യ ഹര്‍ജിയില്‍ വിധി പറഞ്ഞത്.