നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‍തു. ദിലീപ് ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ചോദ്യം ചെയ്‍തതെന്ന് പൊലീസ് പറഞ്ഞു. ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല.

രാവിലെ പത്തേകാലോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രണ്ട് മണിക്കൂർ നീണ്ടു. എസ് പി സുദര്‍ശന്റെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യംചെയ്യൽ. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് ആശുപത്രിയിൽ ചികിത്സയിലയിരുന്നുവെന്നാണ് ദിലീപിന്റെ മൊഴി. ഇക്കാര്യം വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്റും പ്രതി ഹാജരാക്കിയിരുന്നു. എന്നാൽ ചികിത്സിച്ചെന്ന് പറയുന്ന ഡോക്ടർമാരെയും നഴ്‍സുമാരെയും ചോദ്യം ചെയ്‍തപ്പോൾ ദിലീപ് ആശുപത്രിയിൽ അഡ്‍മിറ്റ് ആയിട്ടില്ലെന്നു ബോധ്യമായെന്ന് പൊലീസ് പറഞ്ഞു. ഇതേത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ മറ്റ് ചില കാര്യങ്ങളിലും പോലീസ് വ്യക്തത തേടി. സംഭവവുമായി നേരിട്ടു ബന്ധമുള്ള സുനിൽകുമാർ അടക്കം ഏഴ് പ്രതികളാണ് ആദ്യഘട്ട കുറ്റപത്രത്തിലുള്ളത്. ദിലീപിനെതിരായ രണ്ടാംഘട്ട കുറ്റപത്രം തയ്യാറായിക്കൊണ്ടിരിക്കുകയാണ്.  എഫ്ഐആറിൽ 11ആം പ്രതിയായ ദിലീപിനെ ആദ്യ ഏഴ് പ്രതികളിലൊരാളാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചില സാക്ഷികളുടെ മൊഴിമാറ്റത്തിൽ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.