കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം നാളെയും തുടരും. ഇന്ന് വിശദമായ വാദമാണ് ഈ കേസില്‍ ഹൈക്കോടതിയില്‍ നടന്നത്. ദിലീപിനെതിരെ കൂടുടതല്‍ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ദിലീപിനെതിരെ അന്വേഷണസംഘം സമര്‍പ്പിച്ച തെളിവുകളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് അഡ്വ. രാമന്‍പിള്ള വാദിച്ചു. രാവിലെ പത്തരയ്‌ക്ക് തുടങ്ങിയ വാദം ഉച്ചയ്‌ക്ക് ശേഷം രണ്ടേമുക്കാലോടെ നാളത്തേയ്‌ക്ക് മാറ്റുകയായിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. സിനിമയെ വെല്ലുന്ന കഥയാണിതെന്നും, ദിലീപും സുനില്‍കുമാറും ഒരേ ടവര്‍ ലൊക്കേഷനില്‍വന്നുവെന്നതുകൊണ്ട് ഇരുവരും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു.

ദിലീപിന്റെ റിമാന്‍ഡ് നീട്ടി

അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്. 2013 മാര്‍ച്ച് 13ന് ദിലീപും സുനില്‍കുമാറും അബാദ് പ്ലാസയില്‍ കൂടിക്കാഴ്‌ച നടത്തിയതിന് സാക്ഷികളുണ്ടെന്നാണ് അങ്കമാലി കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. ഇതുസംബന്ധിച്ച തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. തുറന്ന കോടതിയിൽ വിചാരണ മദ്ധ്യേ പറയാൻ കഴിയാത്ത തെളിവുകളാണ് മുദ്രവച്ച കവറിൽ നല്കുന്നത്. ദിലീപ് സിനിമാരംഗത്ത് സ്വാധീനമുള്ള ആളായതിനാൽ ജാമ്യം നല്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അങ്കമാലി കോടതിയില്‍ ദിലീപിന് ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തു. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാകും ദിലീപിനെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്.