Asianet News MalayalamAsianet News Malayalam

ആരാണ് ഈ ഇന്ദ്രന്‍സ് കഥാപാത്രം? സംവിധായകന്‍ പറയുന്നു

ആളൊരുക്കത്തിലെ അവാര്‍ഡ് നേട്ടത്തിന് ശേഷം മികച്ച കഥാപാത്രവുമായി ഇന്ദ്രന്‍സ് വരുന്നു

director about Apara Sundara Neelakasham
Author
Thiruvananthapuram, First Published Aug 14, 2018, 11:11 AM IST

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതിന് ശേഷം ഇന്ദ്രന്‍സിനെ തേടി ഒട്ടേറെ കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്. ഒരുകാലത്ത് കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന അദ്ദേഹത്തെ തേടി ക്യാരക്ടര്‍ റോളുകളാണ് ഇപ്പോള്‍ കൂടുതല്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇന്ദ്രന്‍സ് അഭിനയിക്കുന്ന ഒരു പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അപാര സുന്ദര നീലാകാശം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രതീഷ് വിജയനാണ്, ഒരു പുരസ്‌കാരം വാങ്ങി നില്‍ക്കുന്ന ഇന്ദ്രന്‍സിന്റെ പഴയകാല ചിത്രമാണ് പോസ്റ്ററില്‍ കൗതുകമുണര്‍ത്തുന്നത്. എന്താണ് അപാര സുന്ദര നീലാകാശം? എന്താണ് ചിത്രത്തിലെ ഇന്ദ്രന്‍സ് കഥാപാത്രം? സംവിധായകന്‍ പ്രതീഷ് വിജയന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.

"ഒരു അച്ഛന്‍-മകള്‍ ബന്ധത്തിന്റെ കഥയാണ് അപാര സുന്ദര നീലാകാശം. അരവിന്ദാക്ഷ കൈമള്‍ എന്ന റിട്ടയേര്‍ഡ് കൃഷി ഓഫീസറെയാണ് ഇന്ദ്രന്‍സേട്ടന്‍ അവതരിപ്പിക്കുന്നത്. റിട്ടയര്‍മെന്റിന് ശേഷമുള്ള പുള്ളിയുടെ ജീവിതമാണ് സിനിമയില്‍. മകളുടെ പഠനത്തിനുവേണ്ടി ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ വന്ന് താമസിക്കുകയാണ് ഇപ്പോള്‍ അയാള്‍." ഇന്ദ്രന്‍സിലെ നടനെ നന്നായി ഉപയോഗപ്പെടുത്തുന്ന കഥാപാത്രമാവും അരവിന്ദാക്ഷ കൈമളെന്നും പ്രതീഷ് പറയുന്നു.

director about Apara Sundara Neelakasham

ഇന്ദ്രന്‍സിനൊപ്പം ശ്രീജ രവി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. എട്ടോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓഡിഷന്‍ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ ഏഴിന് ചിത്രീകരണം ആരംഭിക്കും. തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാവും ചിത്രീകരണം. വൈശാഖ് രവീന്ദ്രന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രഭാത് ഇ.കെ ആണ്. രംഗനാഥ് രവി സൗണ്‍് ഡിസൈന്‍. അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരം. ഷൂട്ട് ആന്റ് ഷോയുടെ ബാനറില്‍ ധനേഷ് ടി.പി, സുനിത ധനേഷ് എന്നീ ദമ്പതികളാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ട് ആന്റ് ഷോയുടെ ആദ്യ സംരംഭമാണ് അപാര സുന്ദര നീലാകാശം.

Follow Us:
Download App:
  • android
  • ios