സി.വി. സിനിയ

സംവിധാന രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ ഒട്ടേറെ പേര്‍ മലയാളത്തിലുണ്ട്. ആ നിരയിലേക്ക് കടന്നുവന്ന വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായാണം, ഗോദ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ ബേസില്‍ ജോസഫ് അഭിനയ ജീവിതത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു. 

 സിനിമയില്‍ പലപ്പോഴും ഹാസ്യ കഥാപാത്രത്തെയാണ് ബേസില്‍ ജോസഫ് അവതരിപ്പിച്ചത്. താന്‍ സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലായിരുന്നു അഭിനയത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് ചെറിയ ചെറിയ വേഷങ്ങളിലായി ബേസില്‍ ജോസഫ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. അഭിനയം ഇഷ്ടമാണ്, എന്നാല്‍ തനിക്ക് അഭിനയത്തില്‍ തന്നെ ഉറപ്പിക്കണമെന്നൊന്നും ഇല്ല. സിനിമയില്‍ അവസരങ്ങള്‍ വരുന്നു ചെയ്യുന്നു. സംവിധാനത്തിന് തന്നെയാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. മായാനദി, റോസാപ്പൂ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

മായാനദിയില്‍ പാവമായ സംവിധായകനായിട്ടാണ് വേഷമിട്ടത്. ഇടയ്ക്ക് ബ്രേക്ക് കിട്ടുമ്പോഴും പരിചയമുള്ളവര്‍ വിളിക്കുമ്പോഴും അഭിനയിക്കുകയാണ്. എല്ലാത്തിലും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

"സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രത്തെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. ഇപ്പോള്‍ ജനിത്ത് കാച്ചപ്പള്ളി സംവിധാനം ചെയ്യുന്ന 'മന്ദാകിനി' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ പിസ ഡെലിവറി ബോയ് ആയിട്ടാണ് അഭിനയിക്കുന്നത്. ഇത് മുഴുനീളെ കോമഡി ചിത്രമാണ്. 

സംവിധാനവും അഭിനയവും വെല്ലുവിളി നേരിടുന്ന ഒന്നു തന്നെയാണ്.

സംവിധാനവും അഭിനയവും വെല്ലുവിളി നേരിടുന്ന ഒന്നു തന്നെയാണ്. സ്വന്തം സിനിമയില്‍ നിന്നുമാറി മറ്റു സംവിധായകരോടൊപ്പം സിനിമ ചെയ്യുമ്പോള്‍ അത് നമ്മള്‍ പഠിക്കുകയാണ്. എന്നാല്‍ സംവിധായകന്‍ ചെയ്യുന്നതോലെ അഭിനയം അത്ര വെല്ലുവിളി നേരിടുന്ന കാര്യമല്ല. ഉത്തരവാദിത്തം കുറച്ചുകൂടി കൂടുന്നതാണല്ലോ സംവിധാനം. എങ്കില്‍ പോലും അഭിനയവും വെല്ലുവിളി നേരിടുന്ന ഒന്നു തന്നെയാണ് പ്രത്യേകിച്ച് ഹാസ്യ കഥാപാത്രം ചെയ്യുമ്പോള്‍. ഇത് രസകരമായ കലയാണ്. നമ്മുടെ ഓരോ മാനസികാവസ്ഥയും ഓരോ സമയത്തും മാറ്റി അഭിനയിക്കുന്നത് രസകരമായ ഒന്നുതന്നെയാണ്.റോസാപ്പൂവില്‍ എംബിഎ കാരന്റെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. പേരിന് എംബിഎയെ കാരനാവുന്നതാണ്. ഇത് വളരെ നര്‍മമുള്ള കഥാപാത്രമാണ്. 

എനിക്ക് എന്‍റെ സിനിമയ്ക്ക് പുറമെ മറ്റ് സംവിധായകരോട്് ജോലി ചെയ്ത് അത്രയ്‌ക്കൊന്നും അനുഭവമില്ല. വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി ചെയ്തിരുന്നു. എനിക്ക് പുറത്തുള്ള അനുഭവം കുറവാണ്. അഭിനയിക്കുമ്പോള്‍ പല ആളുകളുടെ രീതികളും സ്റ്റൈലുകളെല്ലാം പഠിക്കാം. എല്ലാ രീതിയിലും മനസിലാക്കാന്‍ സാധിക്കും. ഓരോരുത്തരും എങ്ങനെയാണ് സിനിമ ചെയ്യുന്നതൊക്കെ മനസ്സിലാക്കാന്‍ സാധിക്കും. ഇത് സത്യത്തില്‍ പഠന പ്രക്രിയ തന്നെയാണ്. നമ്മള്‍ ചെയ്യുന്നത് തന്നെയാണ് മറ്റുള്ളവരും ചെയ്യുന്നത്. അവര്‍ ചെയ്യുന്നത് എങ്ങനെയാണ് വര്‍ക്ക് ഔട്ട് ആകുന്നത്, നമ്മള്‍ തിരക്കഥ വായിച്ചപ്പോള്‍ അതിനെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് നമ്മള്‍ ആയിരുന്നെങ്കില്‍ എങ്ങനെ ചെയ്യും എന്ന് കൂടിയുള്ള പഠനം.