ഭാര്യ വനിതാ കമ്മിഷന് ഒരു പരാതി നല്‍കിയിട്ടുണ്ടെന്നും ദീപേഷ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ മുഖ്യാതിഥിയായിരുന്ന മോഹന്‍ലാലിനെ അവഗണിച്ചത് ചൂണ്ടിക്കാട്ടി തനിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരേ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് സംവിധായകന്‍ ദീപേഷ്.ടി. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയതെന്നും അന്വേഷിക്കാമെന്ന് പറഞ്ഞ് ഡിജിപി തനിക്ക് ഇമെയില്‍ അയച്ചുവെന്നും ദീപേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി തന്റെ ഭാര്യയുടെ പേരിലും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായെന്നും അതിനാല്‍ ഭാര്യ വനിതാ കമ്മിഷന് ഒരു പരാതി നല്‍കിയിട്ടുണ്ടെന്നും ദീപേഷ് പറഞ്ഞു.

മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ദീപേഷിനായിരുന്നു. സ്വനം എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. അവാര്‍ഡ് വിതരണ വേദിയില്‍ മുഖ്യാതിഥിയെ ക്ഷണിക്കുന്ന കീഴ്‌വഴക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര, സാംസ്‌കാരിക മേഖലകളിലെ 107 പേര്‍ ഒപ്പിട്ട നിവേദനത്തില്‍ ദീപേഷും ഒപ്പ് വച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കവെ തൊട്ടടുത്ത് നിന്ന മോഹന്‍ലാലിന് ശ്രദ്ധ കൊടുക്കാതെയാണ് ദീപേഷ് വേദി വിട്ടത്. അലന്‍സിയറിന്റെ 'കൈയാംഗ്യം' പ്രതിഷേധമായി വ്യാഖ്യാനിക്കപ്പെട്ടുള്ള വാര്‍ത്തകള്‍ക്കൊപ്പം ദീപേഷിന്റെ വേദിയിലെ പെരുമാറ്റവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ആരാധകരടക്കമുള്ള ഒരു വിഭാഗം ദീപേഷിനെതിരേ സൈബര്‍ ആക്രമണം തുടങ്ങിയത്.

വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ പ്രതികരണമെന്നോണം ദീപേഷ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാന്‍ ആയാലും. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയില്‍ ആയാലും അടച്ചിട്ട മുറിയിലായാലും. ഒറ്റ നിലപാട് മാത്രം.. എന്നായിരുന്നു ദീപേഷിന്റെ കുറിപ്പ്. ഈ പോസ്റ്റിന് താഴെയും അപകീര്‍ത്തികരമായ പരമര്‍ശങ്ങളുമായി ഒരു വിഭാഗം എത്തിയിരുന്നു.