ഇതിന് പിന്നാലെയാണ് ഇത് കായംകുളം കൊച്ചുണ്ണിക്കെതിരായ പരാമര്‍ശമാണ് എന്ന രീതിയില്‍ വലിയ തോതില്‍ വിമര്‍ശനം ഈ പോസ്റ്റിന് അടിയില്‍ ഉണ്ടായത്

കൊച്ചി: മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തുന്ന കായംകുളം കൊച്ചുണ്ണി സിനിമയെ കളിയാക്കി സംവിധായകന്‍ വ്യാസന്‍ കെപി. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സംവിധായകന്‍ പോസ്റ്റ് പിന്‍വലിച്ച് ഹാക്കിംഗ് ആണെന്ന വാദവുമായി രംഗത്ത് എത്തി. തിങ്കളാഴ്ച രാത്രിയാണ് പഴശ്ശിരാജ വീണ്ടും കാണുമ്പോൾ ആണ് ചില സിനിമകളെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് എന്ന് വ്യാസന്‍ പോസ്റ്റിട്ടത്.

ഇതിന് പിന്നാലെയാണ് ഇത് കായംകുളം കൊച്ചുണ്ണിക്കെതിരായ പരാമര്‍ശമാണ് എന്ന രീതിയില്‍ വലിയ തോതില്‍ വിമര്‍ശനം ഈ പോസ്റ്റിന് അടിയില്‍ ഉണ്ടായത്. പ്രധാനമായും മോഹന്‍ലാല്‍ ആരാധകരാണ് ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചത് ഇതോടെ സംവിധായകന്‍ പോസ്റ്റ് പിന്‍വലിച്ചത്. തന്‍റെ അക്കൌണ്ട് ഹാക്ക് ചെയ്തതാണ് എന്നാണ് പിന്നെ ഇദ്ദേഹം ഉയര്‍ത്തിയ വാദം. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം സംവിധാനം ചെയ്ത വ്യാസന്‍ നിരവധി ചിത്രങ്ങളുടെ തിരക്കഥകൃത്താണ്. സിനിമ രംഗത്ത് നടന്‍ ദിലീപിന്‍റെ അടുത്ത ആളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. നിര്‍മ്മാതവായും വ്യാസന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിനിടെ അഞ്ച് ദിവസത്തിനുള്ളില്‍ 25 കോടി നേടി കായംകുളം കൊച്ചുണ്ണി മുന്നേറുന്നു എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം നിർമിച്ചത് ഗോകുലം പ്രൊഡക്‌ഷൻസ് ആണ്. 45 കോടിയാണ് മുതൽമുടക്ക്. പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ ചിത്രത്തിൽ അഭിനയിച്ചു. 161 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങൾ.