'രാഷ്ട്രീയ സിനിമയല്ല, വാണിജ്യസിനിമ'; വിജയ്‍യുടെ വിടവാങ്ങൽ ചിത്രം; അഭ്യൂഹം അവസാനിപ്പിച്ച് സംവിധായകൻ
69ആം ചിത്രത്തോടെ അഭിനയം മതിയാക്കി രാഷ്ട്രീയത്തിൽ പൂർണമായി സജീവം ആകുമെന്ന് വിജയ് പറഞ്ഞിരുന്നു.
ചെന്നൈ: അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് തമിഴ് സൂപ്പര്‍താരം ദളപതി വിജയ്‍യുടെ വിടവാങ്ങൽ ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദ്. വിജയ്‍യുടെ വിടവാങ്ങൽ ചിത്രം, രാഷ്ട്രീയ സിനിമയല്ല, വാണിജ്യ സിനിമയാണ് എന്നാണ് എച്ച് വിനോദിന്റെ പ്രതികരണം. ഒരു ചലച്ചിത്ര അവാർഡ് വേദിയിൽ വച്ചാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. 69ആം ചിത്രത്തോടെ അഭിനയം മതിയാക്കി രാഷ്ട്രീയത്തിൽ പൂർണമായി സജീവം ആകുമെന്ന് വിജയ് പറഞ്ഞിരുന്നു.
അതേ സമയം, വിജയ്‍യുടെ കരിയറിലെ 68-ാമത്തെ ചിത്രമായ ദ് ഗോട്ട് അഥവ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സെപ്റ്റംബർ അഞ്ചിന് തിയറ്ററിൽ എത്തും. ട്രെയിലർ ഓഗസ്റ്റ് 17ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം വിജയ് പ്രഖ്യാപിച്ചത്. പിന്നാലെ തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും രൂപീകരിച്ചു. സെപ്തംബര്‍ 5ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നതാണ് ദളപതിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ.
2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്. അതേ സമയം വിടികെ വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് തന്‍റെ ആദ്യ രാഷ്ട്രീയ വേദിക്കുള്ള ഒരുക്കത്തിലാണ് വിജയ്. ചെന്നൈ പോണ്ടിച്ചേരി ഹൈവേയിലെ വിക്രവണ്ടി എന്ന സ്ഥലത്ത് മഹാ സമ്മേളനം നടത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്. സെപ്തംബര്‍ 22നായിരിക്കും സമ്മേളനം നടക്കുക എന്നാണ് സൂചന.