റോഡ് പ്രശ്നങ്ങളെക്കുറിച്ച് ശക്തമായി പ്രതികരിച്ചിട്ടുള്ള നടനാണ് ജയസൂര്യ. തകര്‍ന്ന റോഡുകളില്‍ സഞ്ചരിക്കുന്നതിന് ടോള്‍ കൊടുക്കില്ലെന്ന് പറഞ്ഞതും എറണാകുളത്ത് തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ മുന്നിട്ടിറങ്ങിയതും ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. നാല് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ റോഡുകളുടെ ദുരവസ്ഥയെക്കുറിച്ച് കണക്കിന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ വീണ്ടും തകര്‍ന്നറോഡിന്റെ ചിത്രം ചര്‍ച്ചയാക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. നാല് വര്‍ഷം മുമ്പ് പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യയുടെ കഥാപാത്രമായ ജോയ് താക്കോല്‍ക്കാരന്‍ അടക്കുന്നതായി ചിത്രീകരിച്ച കുഴിയുടെ നിലവിലെ അവസ്ഥയാണ് രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചിട്ടുള്ളത്. നാല് വര്‍ഷത്തിന് ശേഷവും കുഴിയുടെ അവസ്ഥയില്‍ ഒരു വ്യത്യാസവും വന്നിട്ടില്ലെന്നുള്ളതാണ് ചര്‍ച്ചയാവുന്നത്.