ബാംഗ്ലൂര്‍ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥിരാജിന്‍റെ അച്ഛനായി സംവിധായകന്‍ രഞ്ജിത്ത് എത്തുന്നു. പൃഥിരാജിന്‍റെ നായികയായി പാര്‍വതിയും സഹോദരിയായി നസ്രിയയും എത്തുന്നുവെന്നതിന് പിന്നാലെയാണ് രഞ്ജിത്ത് അച്ഛനായി വേഷമിടുന്ന വാര്‍ത്തയും വരുന്നത്.

നേരത്തെയും രഞ്ജിത്ത് അഭിനയ രംഗത്ത് മികവ് കാണിച്ചിട്ടുണ്ട്. രാജീവ് രവിയുടെ 'അന്നയും റസൂലും' എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെയും ആഷിക്ക് അബുവിന്റെയും അച്ഛനായി വേഷമിട്ടിരുന്നു. ജയരാജ് സംവിധാനം ചെയ്ത 'ഗുല്‍മോഹറി' ലാണ് നായകനായി ശ്രദ്ധനേടിയത്. തന്‍റെ സംവിധാന സംരംഭങ്ങള്‍ക്കിടയില്‍ അഭിനയത്തിന് മുന്‍തൂക്കം കൊടുക്കാതിരുന്ന രഞ്ജിത്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ വിഭാഗം പൂര്‍വ്വ വിദ്യാര്‍ഥിയാണ്. 

പൃഥ്വിരാജ് നായകനായി എത്തിയത് രഞ്ജിത്ത് സിനിമയിലൂടെയായിരുന്നു. ആദ്യ റിലീസ് സിനിമ നന്ദനത്തിന് ശേഷം 'തിരക്കഥ, ഇന്ത്യന്‍ റുപ്പീ എന്നീ ചിത്രങ്ങളിലും രഞ്ജിത്ത് പൃഥി കൂട്ടുക്കെട്ടുണ്ടായി. ';ഗുരുസ്ഥാനീയനാണ് രഞ്ജിത്ത് അദ്ദേഹം എപ്പോള്‍ വിളിച്ചാലും അഭിനയിക്കാന്‍ പോകും' എന്ന് പൃഥ്വി പല തവണ പറഞ്ഞിട്ടുണ്ട്. ഏതായാലും ആ ആത്മബന്ധം തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തുമെന്നുറപ്പാണ്.