ദളപതി വിജയ്‌യുടെ 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മാറ്റിവെച്ചു. സെൻസർ ബോർഡുമായുള്ള നിയമപരമായ തർക്കങ്ങളെ തുടർന്നാണ് ഈ തീരുമാനം. സെൻസർ സർട്ടിഫിക്കറ്റിനായി നൽകിയ ഹർജിയിൽ കോടതി വിധി വൈകുന്നു.

ചെന്നൈ: ദളപതി വിജയ്‍യുടെ അവസാന ചിത്രമായ ജനനായകൻ റിലീസ് മാറ്റി. ഇക്കാര്യം. നിർമാതാക്കൾ ആയ കെവിഎൻ പ്രൊഡകഷൻസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യില്ലെന്നാണ് സ്ഥിരീകരണം. പുതിയ തീയതി പിന്നീട് അറിയിക്കും. നിയന്ത്രണങ്ങൾക്ക് അപ്പുറത്തുള്ള സാഹചര്യം എന്നാണ് കെവിഎൻ പ്രൊഡകഷൻസ് അറിയിച്ചിട്ടുള്ളത്. ജനനായകൻ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ നൽകിയ ഹർജിയിൽ വിധി വ്യാഴാഴ്ചയും ഉണ്ടാകില്ലെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. ജസ്റ്റിസ് പി. ടി ആശയുടെ ബെഞ്ചിൽ വ്യാഴാഴ്ച ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നില്ല. ഇതോടെ ജനുവരി 9 വെള്ളിയാഴ്ച ജനനായകൻ തിയറ്ററിൽ എത്തുന്നതിനുള്ള സാധ്യത വളരെ വിരളമായിരുന്നു. വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി ഉണ്ടാകൂ എന്നാണ് സൂചന.

സിനിമയെക്കാൾ വലിയ ട്വിസ്റ്റുകൾ

അനുകൂലവിധി വന്നാലും സെൻസർ ബോർഡ് നടപടികൾ പൂർത്തിയാക്കി ചിത്രം റിലീസ് ചെയുന്നത് വൈകുമെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. U/A സർട്ടിഫിക്കേറ്റ് ഉറപ്പ് നൽകിയതിന് ശേഷം സെന്‍സര്‍ ബോര്‍ഡ് നിലപാട് മാറ്റിയതെന്തിനാണെന്ന് വാദത്തിനിടെ കോടതി ഇന്ന് ചോദിച്ചിരുന്നു. ർറിവൈസ് കമ്മിറ്റിക്ക് സിനിമ വിട്ടത് ആരുടെ പരാതിയിലെന്ന കോടതി ചോദ്യത്തിൽ സെൻസർ ബോർഡിന്‍റെ നാടകീയ വെളിപ്പെടുത്തലോടെയാണ് ബധനാഴ്ച വാദം തുടങ്ങിയത്. ഡിസംബർ 22ന് ചിത്രത്തിന് U/A സർട്ടിഫിക്കേറ്റ് ശുപാർശ ചെയ്ത അഞ്ചംഗ എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരാൾ തന്നെയാണ് പരാതിക്കാരൻ എന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. സിനിമയിൽ സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഉണ്ടെന്നും പ്രതിരോധ രംഗത്തെ വിദഗ്ധർ അടങ്ങിയ സമിതി പരിശോധിക്കാതെ ചിത്രത്തിന് അനുമതി നൽകാനാകില്ലെന്നും ഇവര്‍ വാദിച്ചു.

ആർ സിക്ക് വിടാൻ തീരുമാനിച്ച ശേഷം 20 ദിവസത്തിനുള്ളിൽ സമിതി രൂപീകരിച്ചാൽ മതിയെന്നും ചെയർമാന്‍റെ അധികാരത്തെ തടയാൻ കോടതിക്ക് കഴിയില്ലെന്നും അഡീ.സോളിസിറ്റർ ജനറൽ പറഞ്ഞു. ഇസി നിർദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് ചിത്രം രണ്ടാമതും പരിശോധനയ്ക്കായി നൽകിയതെന്നും ഒരു അംഗത്തിന്ർറെ അഭിപ്രായത്തെ പരാതി ആയി കാണാൻ ആകില്ലെന്നും നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മറുപടി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഉത്തരവ് ഉണ്ടായേക്കുമെന്ന് സൂചിപ്പിച്ച ജഡ്ജി, ഇത്തരം പരാതികൾ ആരോഗ്യകരമല്ലെന്ന് സെൻസർ ബോർഡ് അഭിഭാഷകനോട് പറഞ്ഞതിന് ശേഷമാണ് കോടതിമുറി വിട്ടത്.